
തൊടുപുഴ: 'പെങ്ങളേ... ഒരു സെറ്റ് ലോട്ടറി ടിക്കറ്റ് മാറ്റി വയ്ക്കട്ടേ... പടം വാട്ട്സ്ആപ്പിൽ അയച്ചേക്കാമേ..' രാവിലെ കാഞ്ഞിരമറ്റം വെട്ടികാട് ലക്കി സെന്റർ ഉടമ സാജൻ തോമസ് ഫോൺ വിളിച്ചപ്പോൾ സന്ധ്യമോൾ പതിവുപോലെ 'ഒക്കെ' പറഞ്ഞു. കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ ഹെൽത്ത് നഴ്സായ കെ.ജി. സന്ധ്യാമോൾ ജോലിത്തിരക്കിനിടെ സാജൻ വാട്ട്സ്ആപ്പിൽ അയച്ച് തന്ന ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോ നോക്കിയതുപോലുമില്ല. എന്നാൽ ഉച്ചകഴിഞ്ഞ് സാജൻ വീണ്ടും വിളിച്ച് 'ഒന്നാം സമ്മാനം പെങ്ങൾക്കെടുത്ത് വച്ച ടിക്കറ്റിനാണ് ' എന്ന് പറഞ്ഞപ്പോൾ തമാശയാണെന്നാണ് സന്ധ്യ ആദ്യം കരുതിയത്. ഓട്ടോറിക്ഷ പിടിച്ച് കാഞ്ഞിരമറ്റത്തെ കടയിലെത്തിയപ്പോഴും ടിക്കറ്റ് സാജൻ ഉയർത്തിക്കാണിക്കുമ്പോഴും സ്വപ്നമാണോ യാഥാർത്ഥ്യമാണോയെന്ന് അവൾക്ക് തിരിച്ചറിയാനായില്ല.
സാജൻ സന്ധ്യയ്ക്കായി മാറ്റിവെച്ച 12 ടിക്കറ്റുകളിലൊന്നായ സ്ത്രീ ശക്തി ലോട്ടറിയുടെ എസ്.ഡി 211059 എന്ന നമ്പരിനായിരുന്നു 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. മറ്റ് 11 ടിക്കറ്റുകൾക്ക് എണ്ണായിരം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും. മാസങ്ങൾക്ക് മുമ്പ് തൊട്ടടുത്ത കടയിൽ വന്നപ്പോഴാണ് സാജനെ പരിചയപ്പെടുന്നത്. ടിക്കറ്റെടുക്കുന്ന ശീലമില്ലെങ്കിലും ഇടയ്ക്ക് ഒരു സെറ്റ് ടിക്കറ്റ് എടുക്കട്ടെയെന്ന് ഫോണിലൂടെയുള്ള സാജന്റെ വിളി സന്ധ്യമോൾ അവഗണിച്ചിരുന്നില്ല. ഇതുവരെ ഒരെണ്ണം പോലും അടിച്ചിട്ടില്ല. എങ്കിലും പണം കൃത്യമായി ഗൂഗിൾ പേ ചെയ്ത് നൽകുമായിരുന്നു. ഒന്നാം സമ്മാനം തന്റെ കടയിലാണെന്ന് തൊടുപുഴ മഞ്ജു ലക്കി സെന്ററിൽ നിന്ന് വിളിച്ചറിയിച്ചപ്പോഴാണ് സാജൻ അറിയുന്നത്. അപ്പോൾ തന്നെ സന്ധ്യയെ സന്തോഷവാർത്തയറിയിച്ചു. നഗരസഭ കൗൺസിലർ ജിതേഷിന്റെയും മറ്റുള്ളവരുടെയും സാന്നിദ്ധ്യത്തിൽ ടിക്കറ്റ് അവർക്ക് നൽകി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പാലാ റോഡിലുള്ള ശാഖയിലെത്തി സന്ധ്യമോൾ ടിക്കറ്റ് കൈമാറി. കോട്ടയം മാന്നാനം കുരിയാറ്റേൽ ശിവൻനാഥിന്റെ ഭാര്യയായ സന്ധ്യ കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിനടുത്ത ഹോസ്റ്റലിലാണ് താമസം. ഭർത്താവ് ശിവൻനാഥ് വിദേശത്താണ്. പ്ലസ്വൺ വിദ്യാർത്ഥിയായ അവന്തിക, അഞ്ചാം ക്ലാസ് വിദ്യാർത്ഥി അരിഹന്ത് എന്നിവർ മക്കളാണ്.
'ലോട്ടറിയടിച്ചെന്ന കാര്യം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. അത് സ്വയം വിശ്വസിപ്പിച്ച ശേഷം പണം എന്ത് ചെയ്യണമെന്ന കാര്യം ആലോചിക്കും. എന്തായാലും ഒരു തുക കാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കും. '
കെ.ജി. സന്ധ്യാമോൾ