
ലോകരാജ്യങ്ങൾ പണപ്പെരുപ്പം എന്ന വലിയ വെല്ലുവിളി എങ്ങനെ നേരിടണം എന്നറിയാതെ കുഴങ്ങുകയാണ് ഇപ്പോൾ. റഷ്യ യുക്രെയിൻ യുദ്ധത്തിന് പിന്നാലെ ഭക്ഷ്യ ക്ഷാമം രൂക്ഷമായതും, എണ്ണവില ഉയർന്നതുമാണ് ലോകസമ്പദ്‌വ്യവസ്ഥയെ തകർച്ചയിലേക്ക് കൊണ്ടു പോകുന്നത്. ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പണപ്പെരുപ്പം നേരിടുകയാണ്. നിരവധി മാർഗങ്ങൾ പരീക്ഷിച്ചിട്ടും സമ്പദ്‌വ്യവസ്ഥ ട്രാക്കിലാവാത്തതിനാൽ പുതിയ ആശയം പരീക്ഷിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് സിംബാബ്‌വെ. സ്വർണ്ണ നാണയങ്ങൾ വിനിമയത്തിന് ഉപയോഗിക്കുക എന്നതാണ് ആ തീരുമാനം.
സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാനുള്ള ശ്രമത്തിൽ സ്വർണ്ണ നാണയങ്ങൾ തിങ്കളാഴ്ചയാണ് സിംബാബ്‌വെ പുറത്തിറക്കിയത്. ഈ നാണയങ്ങൾ പൊതുജനങ്ങൾക്ക് വിൽക്കുവാനാണ് തീരുമാനം. രാജ്യത്തെ കറൻസിക്ക് വിലയിടിഞ്ഞതോടെ കരിഞ്ചന്തയിൽ നിന്ന് യുഎസ് ഡോളർ വാങ്ങുന്ന പൗരൻമാരുടെ നീക്കത്തിന് തടയിടാനാണ് സ്വർണത്തിൽ അഭയം തേടാൻ റിസർവ് ബാങ്ക് ഓഫ് സിംബാബ്‌വെ പദ്ധതിയിട്ടത്. ഇതുവരെ 2000 നാണയങ്ങൾ നിർമ്മിക്കുകയും വാണിജ്യ ബാങ്കുകൾക്ക് അവ കൈമാറുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക കറൻസിക്ക് ബദലായി കൈമാറ്റം ചെയ്യുവാനും അനുവാദം നൽകിയിട്ടുണ്ട്. നിലവിൽ സിംബാവെയ്ക്ക് പുറത്താണ് സ്വർണ നാണയങ്ങൾ നിർമ്മിക്കുന്നത്. ഭാവിയിൽ ഇത് രാജ്യത്ത് നിർമ്മിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് സിംബാബ്‌വെ അറിയിച്ചു.