
ന്യൂഡൽഹി: കുരങ്ങുപനി ബാധിതനെന്ന് സംശയിക്കുന്ന ഒരാളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിലാണ് ഇയാൾ ചികിത്സയിൽ കഴിയുന്നത്. രോഗിയ്ക്ക് കടുത്ത പനിയും ചർമത്തിൽ മുറിവുകളുമുണ്ട്. ഇയാളുടെ സാമ്പിൾ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. നിലവിൽ നാലുപേർക്കാണ് രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഒരാൾ ഡൽഹിയിലും മറ്റ് മൂന്ന് രോഗികൾ കേരളത്തിൽ നിന്നുമാണ്.
മൂന്ന് ദിവസം മുമ്പാണ് ഡൽഹിയിൽ ഒരാൾക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചത്. വിദേശയാത്രകളൊന്നും നടത്തിയിട്ടില്ലാത്ത 34 കാരനായ ഇയാൾ മണാലിയിൽ പോയി തിരിച്ചെത്തിയപ്പോഴാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഈ രോഗിയും ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ ചികിത്സയിലാണ്. അതിനാൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് അണുബാധകൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക പരിശീലനവും നൽകി.
കുരങ്ങുപനി വർദ്ധിക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലും പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുരങ്ങുപനി വ്യാപകമായ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കായി നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.