supreme-court

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കൂടുതൽ സ്വാതന്ത്ര്യം നൽകി കൊണ്ട് സുപ്രധാന വിധിയുമായി സുപ്രീം കോടതി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നത് ഇഡിക്കുള്ള അധികാരങ്ങൾ കൂടുതൽ ശക്തമാക്കി കൊണ്ടുള്ളതാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതുപ്രകാരം, വ്യക്തികൾക്കെതിരെ അന്വേഷണം നടത്തുന്നതിനും, അറസ്‌റ്റ് ചെയ്യുന്നതിനും, പരിശോധനയോ, സ്വത്ത് കണ്ടുകെട്ടുകയോ ചെയ്യുന്നതിനും തടസമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്‌റ്റിസ് എ എൻ ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികളെല്ലാം കോടതി തള്ളി.

മുന്നറിയിപ്പ് നൽകാതെ അറസ്‌റ്റ് ചെയ്യാനുള്ള അധികാരം ഇഡിക്ക് നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു. ചോദ്യം ചെയ്യുന്നതിന്റെ പേരിൽ കുറ്റാരോപിതനെ ഇഡി ഭീഷണിപ്പെടുത്തുകയും, വിവരങ്ങൾ മറച്ചുവച്ചുവെന്ന് ആരോപിച്ച് തങ്ങൾക്കനുകൂലമായി മൊഴി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന ഹർജിക്കാരുടെ വാദങ്ങളും സുപ്രീം കോടതി മുഖവിലക്കെടുത്തില്ല.

ഇ സി ഐ ആർ (എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) എഫ് ഐ ആറിന് സമാനമാണെന്നും, അതുകൊണ്ടു തന്നെ കുറ്റാരോപിതന് ഇതിന്റെ പകർപ്പ് നൽകേണ്ടതുണ്ടെന്നുമുള്ള വാദങ്ങളും കോടതി അംഗീകരിച്ചില്ല. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) ചില വ്യവസ്ഥകൾ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികളിൽ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കാർത്തി ചിദംബരം, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി എന്നിവരായിരുന്നു ഹർജിക്കാർ.


പിഎംഎൽഎയുടെ വ്യവസ്ഥകളുടെ ഭരണഘടനാ സാധുത കേന്ദ്രം ന്യായീകരിച്ചിരുന്നു. വിജയ് മല്യയോ നീരവ് മോദിയോ പോലുള്ള അഴിമതിക്കാരായ വ്യവസായികൾ മാത്രമല്ല, തീവ്രവാദ ഗ്രൂപ്പുകളും കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്നതിനാൽ, കള്ളപ്പണം വെളുപ്പിക്കൽ സാമ്പത്തിക സംവിധാനങ്ങൾക്ക് മാത്രമല്ല, രാഷ്ട്രങ്ങളുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടികളെ കേന്ദ്രസർക്കാർ ന്യായീകരിച്ചത്.