soniya-gandhi

ന്യൂ‌ഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൂന്നാംഘട്ട ചോദ്യം ചെയ്യലിനായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായി. മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ എത്തിയത്. 75കാരിയായ സോണിയ ഗാന്ധിയോട് രണ്ട് ഘട്ടമായി എഴുപതോളം ചോദ്യങ്ങളാണ് ഇ ഡി ചോദിച്ചത്. മൂന്നാംഘട്ടത്തിൽ നാൽപ്പതോളം ചോദ്യങ്ങൾ കൂടി കഴിയുന്നതോടെ ചോദ്യം ചെയ്യൽ അവസാനിക്കുമെന്നാണ് റിപ്പോർട്ട്.

സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കോൺഗ്രസ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. രാഹുൽ ഗാന്ധിയടക്കം മുതിർന്ന നേതാക്കൾ അറസ്റ്റ് വരിച്ചു. നാഷണൽ ഹെറാൾഡ് പ്രസാധകരായ അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡിനെ സോണിയ ഡയറക്‌ടറായ യംഗ് ഇന്ത്യൻ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്യൽ.