pak-economy-

ഇസ്ലാമാബാദ് : പത്തുവർഷത്തിനിടെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം പിടിച്ചുലയ്ക്കുകയാണ് പാക് സമ്പദ്‌വ്യവസ്ഥയെ. ഇതിനൊപ്പം ഊർജ പ്രതിസന്ധിക്കും ഉഷ്ണ തരംഗത്തിനും ഇടയിൽ പിടിച്ചു നിൽക്കാനാവാതെ രാജ്യം വൈദ്യുതി വില ഉയർത്തിയിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന ഉൽപാദനച്ചെലവുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് നിരക്ക് വർദ്ധിപ്പിച്ചതെന്നാണ് പാക് സർക്കാരിന്റെ വിശദീകരണം. രാജ്യത്ത് കഴിഞ്ഞ മാസം പണപ്പെരുപ്പം 21.3 ശതമാനത്തിലെത്തിയിരുന്നു. ഭക്ഷ്യവസ്തുക്കളുടെ അമിത വിലക്കയറ്റം, കുറയുന്ന വിദേശ ധന കരുതൽ ശേഖരം, പാക് കറൻസിയുടെ മൂല്യത്തകർച്ച എന്നിവയാണ് പാകിസ്ഥാനെ തളർത്തുന്നത്.


ഉഷ്ണതരംഗങ്ങൾക്കിടയിൽ വൈദ്യുതി ഉൽപാദനത്തിനായി ദ്രവീകൃത പ്രകൃതി വാതകം കൂടുതൽ ഇറക്കുമതി ചെയ്യുവാൻ വേണ്ടിയാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനമായത്. അതേസമയം നിരക്ക് വർദ്ധനവിൽ നിന്നും പാവപ്പെട്ടവരെ ഒഴിവാക്കുമെന്ന് വൈദ്യുതി മന്ത്രി ഖുറം ദസ്തഗീർ ഖാൻ ഇസ്ലാമാബാദിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഈ വർഷം മാത്രം പാക് കറൻസിയുടെ മൂല്യം ഇരുപത് ശതമാനം ഇടിഞ്ഞിരുന്നു. ഉയർന്ന ഊർജ ഇറക്കുമതി കൂടിയായതോടെ ഇത് സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. പാകിസ്ഥാന്റെ കരുതൽ ശേഖരം 9.3 ബില്യൺ ഡോളറായി കുറഞ്ഞിരിക്കുകയാണ്. ലോകബാങ്കിൽ നിന്നടക്കം കൂടുതൽ വായ്പ നേടുന്നതിനുള്ള ശ്രമങ്ങളും പാകിസ്ഥാൻ ആരംഭിച്ചിട്ടുണ്ട്.