baggy-clothes

സ്‌കിൻ ഫിറ്റ് ജീൻസ്, ടോപ്പ്, ജാക്കറ്റ്, ഷർട്ട് എന്നിവയെ പിന്തള്ളി ഓവർ സൈസ്‌ഡ് വസ്ത്രങ്ങളാണ് ഇപ്പോൾ താരം. കാഷ്വൽ വെയറായും ഫോർമൽ ആയും ഇവ തിരഞ്ഞെടുക്കാവുന്നതാണ്. മഴമാറി ചൂട് കൂടിവരുന്നു. അതിനാൽ തന്നെ ഓവർസൈസ്‌ഡ് വസ്ത്രങ്ങൾ പരീക്ഷിക്കാൻ പറ്റിയ സമയവും ഇതുതന്നെ.

എന്താണ് ഓവർ സൈസ്‌ഡ് വസ്ത്രങ്ങൾ

ഒരാളുടെ ശരീരഘടനയ്ക്ക് വിപരീതമായി വലിയ അളവിലുള്ള ഫിറ്റല്ലാത്ത വസ്ത്രങ്ങളാണിവ. ബാഗി ക്ളോത്ത്‌സ് എന്നാണ് ഇത്തരം പാന്റുകളുടെ വിളിപ്പേര് ഇതിന് പേരുണ്ട്. ജീൻസ്- ഷർട്ട്, ടീഷർട്ട് , ഹൂഡി തുടങ്ങിയവയിലാണ് ഇത് കൂടുതലായും പരീക്ഷിക്കുന്നത്. ട്രെൻഡി ലുക്ക് നൽകുമെന്ന് മാത്രമല്ല ഏത് തരത്തിലെ ശരീരഘടനയുള്ളവ‌ർക്കും ഇത് യോജിക്കുകയും ചെയ്യും.

അലസമായ എന്നാൽ ബോൾഡായ ലുക്കാണ് ഓവർ സൈസ്‌ഡ് വസ്ത്രങ്ങൾ നൽകുന്നത്. ഫ്രോക്കിലും സ്കർട്ടിലും ഇത് പരീക്ഷിക്കാവുന്നതാണ്.

ലേഡീസ് വെയർ തന്നെ ഓവർ സൈസ് ഉള്ളവ വാങ്ങണമെന്നില്ല. മെൻസ് വെയറിലാണ് ഇത് പരീക്ഷിക്കാൻ ഏറ്റവും എളുപ്പം. വീട്ടിലെ ആണുങ്ങളുടെ ഷർട്ടും ജീൻസും ഒന്നണിഞ്ഞു നോക്കൂ, ഈ ലുക്ക് ലഭിക്കും. തോളിൽ നിന്ന് മൂന്നി‌ഞ്ച് താഴെയായി വസ്ത്രത്തിന്റെ ഷോൾഡർ വരുന്ന രീതിയിലാണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നത്.

തിരിച്ചറിയാൻ

ഓവർ സൈസ്‌ഡ് വസ്ത്രങ്ങൾ തിരിച്ചറിയുന്നതിനായി മിക്കവാറും ബ്രാൻഡുകളും ചില പ്രത്യേക ചിഹ്നങ്ങൾ നൽകിയിരിക്കും. ഉദാഹരണത്തിന് സാറാ എന്ന ബ്രാൻഡിന്റെ ചിഹ്നം കറുത്ത വസ്ത്രമാണ്.

മിക്കവാറും സെലിബ്രിറ്റികളും തങ്ങളുടെ ഇഷ്ടവസ്ത്രമായി തിരഞ്ഞെടുക്കുന്നത് ഓവർ സൈസ്‌ഡ് വസ്ത്രങ്ങളാണ്. അവരുടെ എയർപോർട്ട് ഫാഷൻ ശ്രദ്ധിച്ചാൽ ഇത് മനസിലാകും. കൃത്യ അളവിലെ വസ്ത്രങ്ങൾ ലഭിക്കുന്നതിനായി അലഞ്ഞ് തിരിയേണ്ട എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല ഫിറ്റായ വസ്ത്രങ്ങൾ ധരിക്കുമ്പോൾ തനിക്കത് ചേരുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് പോലെ ഓവർ സൈസ്‌ഡ് വസ്ത്രങ്ങളിൽ ഇത്തരം ആശങ്കകൾ ഉണ്ടാകില്ല. ഇക്കാരണങ്ങളാൽ തന്നെ കൂൾ, ട്രെൻഡി, എലഗന്റ് ലുക്ക് നൽകുന്ന ഓവർ സൈസ്‌ഡ് വസ്ത്രങ്ങൾ ഫാഷൻ ലോകത്ത് സൂപ്പർഹിറ്റായി മാറുകയാണ്.