
നടനും നർത്തകനുമായ റംസാനൊപ്പം പ്രിയ വാര്യർ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമത്തിൽ തരംഗമാവുന്നു. 96 സിനിമയിലെ 'കാതലേ കാതലേ" എന്ന പ്രണയ ഗാനത്തിനൊപ്പമാണ് ഇരുവരും ചുവടുവയ്ക്കുന്നത്. ഒരു മുറിക്കുള്ളിലാണ് ഗാനചിത്രീകരണം. പ്രണയാർദ്രരായ താരങ്ങളെ വീഡിയോയിൽ കാണാൻ കഴിയും. ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ താരമായി മാറിയ പ്രിയ തെലുങ്ക്, ഹിന്ദി ഉൾപ്പെടെ നിരവധി ഭാഷകളിൽ അഭിനയിച്ചു. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ റംസാൻ അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്‌മപർവ്വം സിനിമയിൽ രതിപുഷ്പം എന്ന ഗാനരംഗത്ത് ചുവടുവച്ചു ശ്രദ്ധ നേടിയിരുന്നു. സിനിമയിൽ സജീവമാകാനുള്ള തീരുമാനത്തിലാണ് റംസാൻ.