
മുപ്പത്തിയഞ്ച് കഴിയുമ്പോഴേ ശരീരവും മനസും ഒരു പോലെ വയസായി എന്ന ചിന്തയിലേക്ക് എത്തിയോ ? ജീവിതത്തിലെ ചില ശീലങ്ങളോട് എന്നന്നേയ്ക്കുമായി ബൈ പറഞ്ഞാൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. നമ്മെ വേഗത്തിൽ വയസൻമാരാക്കുന്ന സ്വഭാവങ്ങൾ പിന്നീട് തുടരുകയും ചെയ്യരുത്. പ്രായത്തെ പിടിച്ചു കെട്ടാൻ ചില വഴികളിതാ
1. പ്രായത്തെ ഉറങ്ങി തോൽപ്പിക്കാം
നമ്മുടെ ആയുസിൽ ഒരു മനുഷ്യൻ ശരാശരി 26 വർഷം ഉറങ്ങുകയാണ്. ഉറക്കക്കുറവ് ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെയും ബാധിക്കും, അതിനാൽ ഉറക്കം കളഞ്ഞൊരു പരിപാടിയും അരുതെന്നത് മനസിൽ സൂക്ഷിക്കാം.
2. അമിത ഭക്ഷണം
അമിതമായി ഭക്ഷണം കഴിക്കുന്നതും പ്രായത്തെ വിളിച്ചു വരുത്തും, ശരീരത്തിന്റെ ഓജസും പ്രസരിപ്പുമെല്ലാം നഷ്ടപ്പെടുകയും ചെയ്യും. ശരീരഭാരം വർദ്ധിപ്പിക്കുന്നതും അതുവഴി കൊളസ്‌ട്രോൾ പ്രമേഹം തുടങ്ങിയ അസുഖങ്ങൾ നമ്മൾ കീഴ്‌പ്പെടുകയും ചെയ്യും. അതിനാൽ ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുക.
3. നല്ല ഭക്ഷണം
നല്ല ഭക്ഷണം ആവശ്യത്തിന് അതാവണം ഭക്ഷണ കാര്യത്തിൽ പാലിക്കേണ്ട നിയമം. നമ്മുടെ ശരീരത്തിന് പ്രവർത്തിക്കാൻ വിവിധ പോഷകങ്ങൾ ആവശ്യമാണ്. അതെല്ലാം അടങ്ങിയിട്ടുള്ള ആരോഗ്യദായകമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.
4. വെയിലത്ത് നിൽക്കേണ്ട
അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ത്വക്ക് ക്യാൻസർ പോലെയുള്ള മാരക അസുഖങ്ങൾക്ക് കാരണമായേക്കാം. ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാക്കുകയും വാർദ്ധക്യം പെട്ടെന്ന് വിളിച്ചു വരുത്തുകയും ചെയ്യും അതിനാൽ ദീർഘനേരം സൂര്യപ്രകാശം ഏൽക്കാതെ സൂക്ഷിക്കുക.
5. വ്യായാമക്കുറവ്
മുപ്പത് കഴിഞ്ഞാൽ നാം കഴിക്കുന്ന ആഹാരത്തിന്റെ നല്ലൊരു പങ്കും ശരീരത്തിൽ കൊഴുപ്പായി അടിയുന്നു. വ്യായാമത്തിലൂടെ മാത്രമേ ഇത് ഒഴിവാക്കാൻ കഴിയുകയുള്ളു. വേണ്ടത്ര വ്യായാമത്തിന്റെ അഭാവം പ്രമേഹം, കൊളസ്‌ട്രോൾ, പൊണ്ണത്തടി, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ ക്ഷണിച്ചു വരുത്തും.
6. ഡിപ്രഷൻ
ഇന്നത്തെ കാലത്ത് വാർദ്ധക്യം വിളിച്ചു വരുത്തുന്ന രോഗമാണ് ഡിപ്രഷൻ. ജോലി സമ്മർദം, വ്യക്തിപരമായ പ്രശ്നങ്ങൾ മുതലായ ഇതിനു കാരണമായേക്കാം. സമ്മർദ്ദം നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കും. ആവശ്യമുള്ളപ്പോൾ വിദഗ്ദ്ധ സഹായം തേടാൻ മടികാട്ടരുത്
7. കസേര ജോലികൾ
ഓഫീസിൽ ഇരുന്ന് അധിക നേരം ജോലി ചെയ്യുന്നവരിൽ അത് ശരീരത്തിലെ രക്തചംക്രമണത്തെ ബാധിക്കും. വ്യായാമം ചെയ്യുന്നവരിൽ പോലും ഓഫീസിൽ മണിക്കൂറുകൾ ഒറ്റ ഇരുപ്പിൽ ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ജോലി സമയത്ത് ഇടയ്ക്കിടെ നടക്കാനോ എഴുന്നേറ്റ് നിൽക്കുവാനോ ശ്രമിക്കണം.
8. ചായ കുടി
ഓഫീസിൽ ബ്രേക്ക് സമയങ്ങളിൽ ദിവസവും ഒന്നിലധികം തവണ ചായയും കാപ്പിയും കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ചായയ്‌ക്കൊപ്പം എണ്ണക്കടികൾ കഴിക്കുന്നതും നന്നല്ല.
9. സമൂഹിക ജീവിതം
സാമൂഹികവൽക്കരണത്തിന്റെ അഭാവം നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ജോലി സമയത്തിന് പുറമേയുള്ള സമയം വീട്ടിൽ മാത്രം ഒതുങ്ങാതെ എന്തെങ്കിലും സമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടാം.
10. സെക്സ്
ആരോഗ്യകരമായ ലൈംഗിക ബന്ധങ്ങളും ആയുസ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശാരീരികവും മാനസികവുമായ അടുപ്പം സന്തോഷകരമായ ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു.
11. പുകവലി
പുകവലി നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള ദോഷഫലങ്ങൾ ഉണ്ടാക്കുന്നു. വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെയും ഇത് സാരമായി ബാധിക്കും. ഇത് ക്യാൻസർ പോലെയുള്ള മാരക വ്യാധികൾക്കും കാരണമായേക്കാം. പുകവലി ചർമ്മത്തിന്റെ വാർദ്ധക്യത്തെ വേഗത്തിലാക്കുകയും ചെയ്യും.
12. മദ്യപാനം
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരും പറഞ്ഞ് അറിയേണ്ട കാര്യമില്ല. എന്നിട്ടും മദ്യ ഉപയോഗം നാൾക്കുനാൾ വർദ്ധിക്കുകയാണ്. സ്ഥിരമായി മദ്യപിക്കുന്നത് ചർമ്മത്തിന്റെ വാർദ്ധക്യം വേഗത്തിലാക്കുന്നു. വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെയും സ്ഥിര മദ്യപാനം ബാധിക്കും. പതിവായി മദ്യം കഴിക്കുന്നത് പ്രായമാകൽ വേഗത്തിലാക്കുമെന്നറിഞ്ഞ് ഒരു തീരുമാനം എടുക്കേണ്ടത് ആവശ്യമാണ്.