
കൊച്ചി: എ.ഐ കാമറകൾ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) ക്ലിക്കിയ നിയമലംഘനങ്ങൾക്ക് പിഴയീടാക്കൽ അടുത്ത മാസം മുതൽ ആരംഭിക്കും. എ.ഐ സോഫ്റ്റ്‌വെയറും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്സൈറ്റും സംയോജിപ്പിപ്പിച്ച് സോഫ്റ്റ് വെയർ പ്രശ്നം പരിഹരിച്ചതോടെയാണ് നടപടികൾ പുനരാരംഭിക്കുന്നത്.
ജൂണിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ ആഗസ്റ്റോടെ സമ്മൻസായി നൽകും. ഒപ്പം അന്നന്ന് നടക്കുന്ന നിയമലംഘനങ്ങളും ഉടമയുടെ ഫോണിൽ മെസേജായി എത്തും. 240 കോടിയുടെ പദ്ധതിയിൽ കാമറകൾ മുമ്പേ സ്ഥാപിച്ചിരുന്നു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 722 എ.ഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. നിയമലംഘനം സ്വയം കണ്ടെത്തൽ, ചിത്രസഹിതം നോട്ടീസ് തയ്യാറാക്കൽ, ഉടമയുടെ നമ്പറിലേക്ക് മെസേജ്, വിലാസത്തിലേക്ക് നോട്ടീസും ചലാനും തയ്യാറാക്കൽ, പരിവാഹൻ സൈറ്റിലേക്ക് കുറ്റകൃത്യങ്ങൾ അപ്‌ലോഡ് ചെയ്യൽ തുടങ്ങിയ കാര്യങ്ങൾ കാമറയും സോഫ്റ്റ്‌വെയറും സ്വയം ചെയ്തുന്നതാണ് പദ്ധതി.
ഇപ്പോൾ അമ്പത്, പിന്നെ കൂടും
ജില്ലയിൽ 50 കാമറകളാണുള്ളത്. പിന്നീട് ക്യാമറയുടെ എണ്ണം കൂട്ടും. മോട്ടോർ വാഹന വകുപ്പ് ജില്ലാ ആസ്ഥാനത്താണ് 24മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം. മുമ്പ് സ്ഥാപിച്ചിട്ടുള്ള 240 കാമറകളും സേവ് കേരളാ പദ്ധതിക്കൊപ്പം ചേർത്തിട്ടുണ്ട്. അതാത് കൺട്രോൾ റൂമുകൾ പ്രവർത്തനങ്ങൾ നിയന്ത്രിക്കും. കൊച്ചി, കോഴിക്കോട് കൺട്രോൾ റൂമുകൾക്കായിരുന്നു മുമ്പ് ചുമതല. അമിതവേഗവും സിഗ്‌നൽ ലംഘനവും മാത്രമാണ് ഈ കാമറകൾ കൈയോടെ പിടിച്ചിരുന്നത്.
കുതിച്ച് പാഞ്ഞാലും കുടുങ്ങും
240 കിലോമീറ്റർ വേഗത്തിൽ പോകുന്ന വാഹനത്തിന്റെ വരെ നമ്പർ പ്ലേറ്റ് ഒപ്പിയെടുക്കാൻ കഴിയുന്ന കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. രാത്രിയിലെ നിയമലംഘനങ്ങളും കണ്ടെത്താം. പിഴ ഓൺലൈനായും അക്ഷയ വഴിയും അടയ്ക്കാം. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ മോട്ടോർവാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി തുക കോടതിയിൽ അടയ്‌ക്കേണ്ടിവരും.
പിടിവീഴുന്ന കാര്യങ്ങൾ
•ഹെൽമെറ്റ് 500
•സീറ്റ് ബെൽറ്റ് 500
•അമിത വേഗം 500
•മൊബൈൽ സംസാരം 2000
•സിഗ്‌നൽ ലംഘനം 500
•നോ പാർക്കിംഗ് 500
•ത്രിപ്പിൾസ് 1000