
അടുത്ത ദിവസങ്ങളിൽ കോഴിയിറച്ചി വാങ്ങാനെത്തിയവർ ചിക്കന് ഇതെന്ത് പറ്റി എന്ന് മനസിലെങ്കിലും ചോദിച്ചു കാണും. ചുറ്റിലുമുള്ള സർവത്ര വസ്തുക്കൾക്കും വിലകയറുമ്പോൾ ചിക്കൻ വില അപ്രതീക്ഷിതമായി ഇടിയുകയായിരുന്നു. എന്നാൽ വില കുറഞ്ഞതിന്റെ പിന്നിലുള്ള കാരണം കൃത്യമായി പറയാൻ കച്ചവടക്കാർക്ക് കഴിയുന്നതുമില്ല. പ്രാദേശിക ഉത്പാദകരെ പൂട്ടിക്കാനുള്ള തമിഴ്നാട് കോഴി കുത്തക ലോബിയുടെ കള്ളക്കളിയാണ് പിന്നിലെന്ന് കണ്ടെത്തലാണ് വിലക്കുറവിന് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കോഴിവിലയിൽ വമ്പൻ ഇടിവ് സംഭവിച്ചത് രാജ്യ വ്യാപകമാണെന്ന് വിവരങ്ങളാണ് പുറത്ത് വരുന്നത്.
രണ്ടാഴ്ചയ്ക്കിടെ വിവിധ സംസ്ഥാനങ്ങളിൽ കോഴിവില അമ്പത് ശതമാനം വരെ താഴ്ന്നു. മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലുമാണ് ഏറ്റവും വിലകുറഞ്ഞത്. നൂറ്റിയിരുപതിൽ നിന്നും അറുപതിലേക്കാണ് ഇവിടെ ചിക്കൻ വില എത്തിയത്. അതേസമയം ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് അമ്പതിലും താഴെയാണ്. ഉത്തരേന്ത്യയിൽ ശ്രാവണ മാസം എത്തിയതോടെയാണ് ചിക്കൻ വില കുറയാൻ ആരംഭിച്ചത്. മാംസാഹാരം ഉപേക്ഷിക്കുന്നതിനാലാണ് ഡിമാന്റ് കുറഞ്ഞത്. അതേസമയം കനത്ത മഴയിൽ കോഴിക്കച്ചവടക്കാർ വിൽപ്പനയ്ക്ക് തിരക്ക് കൂട്ടിയതും വിലയിടിവിന് കാരണമായി. കോഴിയിറച്ചിക്കൊപ്പം കോഴിമുട്ടയുടെ വിലയിലും ഇടിവുണ്ട്. 35 ശതമാനത്തോളമാണ് മുട്ടയ്ക്ക് വില കുറഞ്ഞത്. എന്നാൽ കോഴിത്തീറ്റയുടെ വില ഉയർന്നു തന്നെ നിൽക്കുന്നതിനാൽ കോഴി വളർത്തുന്ന ഫാം ഉടമകളുടെ നെഞ്ചിടിപ്പ് ഈ ദിവസങ്ങളിൽ കൂടുകയാണ് .