
അടുത്തിടെ ഇന്ത്യൻ സൂപ്പർ ബാറ്റ്സ്മാൻ വിരാട് കൊഹ്ലിയുടെ ഒരു ചിത്രത്തിൽ അദ്ദേഹം നീല ഫോണിൽ സംസാരിക്കുന്നത് കാണാം. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വിരാട് കോഹ്ലിയുടെ ഏറ്റവും പുതിയ ചിത്രത്തിൽ ആരാധകരുടെ കണ്ണുടക്കിയത് അദ്ദേഹം ഉപയോഗിച്ച ഫോണിലാണ്. ആരോടാണ് കോഹ്ലി സംസാരിക്കുന്നതെന്നോ, എന്താണ് താരം സംസാരിക്കുന്നതെന്നോ അല്ല, ഏത് ഫോണാണ് കോഹ്ലി ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ചാണ് ചർച്ച കൊഴുക്കുന്നത്. ഇന്ത്യയിൽ ഇനിയും ലഭ്യമായിട്ടില്ലാത്ത മൊബൈലാണിത്. ഇത് പുതിയ വിവോ 25 സീരീസാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അപ്പോൾ റിലീസ് ചെയ്യാത്ത വിവോ ഫോൺ എങ്ങനെ കോഹ്ലിയുടെ കൈകളിൽ എന്നതാവും ചിലരെങ്കിലും ചിന്തിക്കുന്നത്. വിവോ സ്മാർട്ട്‌ഫോൺ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണ് അദ്ദേഹം എന്നതാണ് ഇതിന് ഉത്തരം. വിവോ 25 സീരീസിൽ വിവോ വി 25, വിവോ വി 25 ഇ, വിവോ വി 25 പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തമാസത്തോടെ ഫോൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. 2022 ഓഗസ്റ്റ് 18 ന് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമല്ലാത്ത റിപ്പോർട്ടുകളുണ്ട്. വിവോ 25 സീരീസ് മാസങ്ങൾക്ക് മുമ്പ് ചൈനയിൽ അവതരിപ്പിച്ച വിവോ എസ് 15 പ്രോയോട് സാമ്യമുള്ളതാണ്.