കോഴിക്കോട്: അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസിനെ തകർക്കാനാവില്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നാഷണൽ ഹെറാൾഡ് കോൺഗ്രസിന്റെ ആഭ്യന്തരവിഷയമാണ്. ഇതിൽ കേന്ദ്ര സർക്കാർ സോണിയാ ഗാന്ധിയെ കേന്ദ്ര ഏജൻസികളെ വെച്ച് പീഡിപ്പിക്കുന്നു. വൈരാഗ്യം മാത്രമാണ് ഇതിന് പിന്നിലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇ.ഡിയെ ഉപയോഗിച്ച് സോണിയാഗാന്ധിക്കെതിരെ കേന്ദ്രസർക്കാർ നടത്തുന്ന പകപോക്കലിനെതിരെ കോഴിക്കോട് ഡി.സി.സിയിൽ നടത്തിയ പ്രതിഷേധ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.

മുഖ്യമന്ത്രിക്കെതിരെ ഇവിടെ ഗുരുതരമായ ആരോപണം ഉണ്ടായിട്ട് മോഡി സർക്കാർ ഒന്നും ചെയ്യുന്നില്ല. കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ തമ്മിലുള്ള സഹകരണമാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്. എന്ത് വിലകൊടുത്തും കോൺഗ്രസിനെ ഇല്ലായ്മ ചെയ്യണം. അതിന് അന്വേഷണ ഏജൻസികളെ വിലക്കെടുക്കുന്നു. കേന്ദ്ര സർക്കാരിന് അന്ധമായ കോൺഗ്രസ് വിരോധമാണ്. കോഴിക്കോട്ട് നടന്ന ചിന്തൻ ശിബിരം എല്ലാവരെയും ചേർത്തുപിടിച്ച് മുന്നേറാനുള്ള പുതിയ വഴിയാണ്. അതിലൂടെ കോൺഗ്രസ് മുന്നേറുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡി.സി.സി.പ്രസിഡന്റ് പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ പി.എം.നിയാസ്, കെ.ജയന്ത്, കെ.സി.അബു തുടങ്ങിയവർ പ്രസംഗിച്ചു.