
സിനിമാ നടനോ നടിയോ ആകുന്നത് സ്വപ്നം കാണുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുണ്ട്. ഇതിൽ പലരും തങ്ങളുടെ സിനിമാമോഹം മനസിൽ മൂടിവയ്ക്കും. ചിലരാകട്ടെ ലക്ഷ്യത്തിലേക്കെത്താൻ കഠിനമായി പ്രയത്നിക്കുകയും ചെയ്യും. അത്തരത്തിലൊരാളാണ് കോട്ടയം പനച്ചിക്കാട് സ്വദേശി ശരത്.
പുതിയകാവ്- തൃപ്പൂണിത്തുറ റോഡിൽ ഹോർഡിംഗ് സ്ഥാപിച്ചാണ് യുവാവ് ശ്രദ്ധ നേടുന്നത്. "സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ട്, പ്രതീക്ഷയോടെ" എന്ന് പറഞ്ഞുകൊണ്ട് ചിത്രത്തിനൊപ്പം സ്വന്തം നമ്പറും യുവാവ് നൽകിയിട്ടുണ്ട്. കോട്ടയത്തെ സ്വകാര്യ ബസ് ഡ്രൈവറായ ശരത് 25,000 രൂപ ചെലവാക്കിയാണ് ഹോർഡിംഗ് സ്ഥാപിച്ചത്.

സിനിമാ മോഹവുമായി യുവാവ് നടക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. പത്താം ക്ലാസുമുതൽ ചില സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി നല്ലൊരു റോളിന് വേണ്ടി ചാൻസ് ചോദിച്ചുനടന്നു. നിരവധി ഓഡിഷനിൽ പങ്കെടുത്തു. എന്നിട്ടും അവസരമൊന്നും ലഭിക്കാതായതോടെയാണ് യുവാവ് ഈ സാഹസത്തിന് മുതിർന്നത്.
പലരും പരിഹസിക്കുമെന്നറിയാമെങ്കിലും താനത് കാര്യമാക്കുന്നില്ല. അത്രയും മോഹമുണ്ട് സിനിമയോട്. നാൽപ്പത് വർഷം മുമ്പ് മമ്മൂക്ക പത്രത്തിൽ ഇതുപോലെ പരസ്യം കൊടുത്തില്ലേ, അദ്ദേഹമാണ് തന്റെ മാതൃകയെന്നും യുവാവ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.