
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മൃതദേഹവുമായി പ്രതിഷേധം. കരുവന്നൂർ സ്വദേശി ഫിലോമിനയുടെ മൃതദേഹവുമായി കോൺഗ്രസ്, ബിജെപി പ്രവർത്തകരാണ് കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സഹകരണ ബാങ്കിന് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ അർധരാത്രിയോടെയാണ് 70 വയസുകാരിയായ ഫിലോമിന മരിച്ചത്. ഫിലോമിനയുടെ പേരിൽ ബാങ്കിൽ 30 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നു. ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും തന്നില്ലെന്ന് ഫിലോമിനയുടെ ബന്ധുക്കൾ പറയുന്നു. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കിൽ മികച്ച ചികിത്സ നൽകുമായിരുന്നുവെന്ന് കുടുംബം പ്രതികരിച്ചു. പണം ചോദിച്ചപ്പോൾ ബാങ്കിലെ ജീവനക്കാർ മോശമായി പെരുമാറിയെന്നും കിട്ടുമ്പോൾ തരാം എന്നായിരുന്നു പറഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു.