
തിരുവനന്തപുരം:എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾക്കെതിരെ നിയമ നടപടി ആരംഭിച്ചതായി സിപിഎം പാളയം ഏരിയാ കമ്മറ്റി അംഗവും നഗരസഭാ മുൻ കൗൺസിലറുമായ ഐ.പി ബിനു.
ജൂൺ 30ന് എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ബിനുവാണെന്ന പേരിൽ ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾക്കെതിരെയാണ് നിയമപരമായ നടപടിയിലേക്ക് അദ്ദേഹം നീങ്ങിയത്.
താൻ ചിലരെ ഫോണിൽ വിളിച്ചെന്നും സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത എഫ് ബിയിൽ പോസ്റ്റ് ചെയ്തു എന്നൊക്കെയായിരുന്നു ആരോപണങ്ങൾ എന്നും ഇങ്ങനെയൊക്കെ ആദ്യം പ്രചരിപ്പിച്ച ഓൺലൈൻ മാദ്ധ്യമം പിന്നീട് സംശയം മാത്രമാണ് പ്രകടിപ്പിച്ചതെന്ന് തിരുത്തിയതായും പ്രസ്‌താവനയിലൂടെ ഐ.പി ബിനു പറഞ്ഞു.
വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലല്ല പ്രതികരിക്കേണ്ടതെന്ന് പാർട്ടിയുടെ മുതിർന്ന നേതാക്കൾ എന്നോട് പറഞ്ഞിരുന്നു. നിയമ പോരാട്ടമാണ് വേണ്ടതെന്നും ഉത്തരവാദിത്തപ്പെട്ട നേതാക്കൾ പറഞ്ഞു. തുടർന്നാണ് ഇത്രയും നാൾ മൗനം പാലിച്ചതും പ്രതികരിക്കാതിരുന്നതും എന്നും അദ്ദേഹം അറിയിച്ചു.