
ബംഗളൂരു: യുവമോർച്ച ജില്ലാ സെക്രട്ടറി പ്രവീൺ നെട്ടാറിനെ മംഗളൂരുവിൽ ആക്രമികൾ കൊല്ലപ്പെടുത്തിയതിന് കാരണം ഉദയ്‌പൂരിൽ കൊല്ലപ്പെട്ട തയ്യൽകാരനെ പിന്തുണച്ചതിലെ പ്രതികാരമെന്ന് സൂചന. ഉദയ്‌പൂരിൽ കൊല്ലപ്പെട്ട കനയ്യലാലിനെ 'പാവം തയ്യൽകാരൻ' എന്ന് സൂചിപ്പിച്ച് ജൂൺ 29ന് ട്വിറ്ററിൽ പ്രവീൺ പോസ്‌റ്റ് ചെയ്‌തിരുന്നു. കനയ്യലാലിന്റെ കൊലപാതകികൾ പ്രധാനമന്ത്രിയ്‌ക്ക് നേരെ ഭീഷണി മുഴക്കിയത് പരാമർശിച്ചതിനൊപ്പം രാജസ്ഥാനിൽ അധികാരത്തിലിരിക്കുന്ന കോൺഗ്രസ് സർക്കാരിനെതിരെയും പോസ്‌റ്റിൽ പ്രവീൺ കുറിച്ചിരുന്നു. ഇതിന് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കും.
ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിലായിരുന്ന കനയ്യലാലിന്റെ കൊലപാതകം. വധം വീഡിയോയിൽ പകർത്തി സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.പ്രവീണിന്റെ കൊല നടന്ന പുട്ടൂർ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ മേഖലയിലെ സുളള്യയിലും ബെല്ലാരെ ഗ്രാമത്തിലും സുരക്ഷാ സേനയെ വിന്യസിച്ചു. ഇവിടെ ഹോട്ടലുകളും കടകളും അടപ്പിക്കുകയും സർക്കാർ ഉടമസ്ഥതയിലുളള ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്‌തിരുന്നു.
സ്വന്തമായി നടത്തിയിരുന്ന കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ മൂന്നുപേർ പ്രവീണിനെ വളഞ്ഞിട്ട് ആക്രമിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തത്. സംഭവത്തിന് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടു. ഉടൻതന്നെ സമീപത്തെ ബിജെപി പ്രവർത്തകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതക സംഘം കേരള രജിസ്‌ട്രേഷൻ ബൈക്കിലാണ് എത്തിയതെന്ന് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം. അതേസമയം കേസ് എൻഐഎ അന്വേഷിക്കണമെന്നാണ് ബിജെപി കർണാടക ഘടകം ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ പലയിടത്തും യുവമോർച്ച അംഗങ്ങൾ പാർട്ടി അംഗത്വം രാജിവയ്‌ക്കുന്നതായും സൂചനകളുണ്ട്.