mm

ന്യൂഡൽഹി : രാജ്യത്ത് മങ്കി പോക്സ് കേസുകൾ കൂടുന്നതിന്റെ പശ്ചാത്തലത്തിൽ രോഗപ്രതിരോധത്തിന് വാക്സിൻ വികസിപ്പിക്കുന്നതിനായി മരുന്ന് കമ്പനികളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പരിശോധനാ കിറ്റ് വികസിപ്പിക്കുന്നതിനും കേന്ദ്രം താത്‌പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. അടുത്തമാസം പത്തിനകം താത്‌പര്യപത്രം സമർപ്പിക്കണം.

അതേസമയം രാജ്യത്ത് മങ്കിപോക്സ് കേസുകളും സംശയിക്കപ്പെടുന്ന കേസുകളും കൂടുകയാണ്. ഉത്തർപ്രദേശിൽ മങ്കി പോക്സ് ലക്ഷണങ്ങളുായി രണ്ടുപേർ ചികിത്സ തേടി. നിലവിൽ രാജ്യത്ത് നാല് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നാലാമത്തെ കേസ് കഴിഞ്ഞ ദിവസം ഡൽഹിയിലാണ് സ്ഥിരീകരിച്ചത്. മൗലാന അബ്ദുൾ കലാം ആശുപത്രിയിൽ ചികിത്സയിലുള്ള 31കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ല. രാജ്യത്തെ ആദ്യ മൂന്ന് മങ്കിപോക്സ് കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആണ്. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. കേരളത്തിന് പുറത്ത് രോഗബാധ റിപ്പോർട്ട് ചെയ്തതും വിദേശ യാത്ര നടത്താത്ത ആൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കർശനമാക്കാൻ നിർദേശിച്ചിട്ടുണ്ട്. രോഗ പ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു.