somerton-man

കാൻബെറ : നീണ്ട 70 വർഷത്തെ ദുരൂഹതയ്ക്ക് ശേഷം ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢ സംഭവങ്ങളിലൊന്നായ ' ടമാം ഷുഡ് കേസ് " ചുരുളഴിഞ്ഞിരിക്കുന്നു. തെക്കൻ ഓസ്ട്രേലിയൻ കടൽത്തീരത്ത് കണ്ടെത്തിയ ' സോമർടൺ മാൻ " എന്നറിയപ്പെടുന്ന അജ്ഞാത മൃതദേഹത്തിന്റെ രഹസ്യം കണ്ടെത്തിയെന്നാണ് ഗവേഷകരുടെ അവകാശവാദം.

കാൾ വെബ്ബ് എന്ന മെൽബൺ സ്വദേശിയായ ഇലക്ട്രിക് എൻജിനിയറാണ് സോമർടൺ മാൻ എന്ന് ഗവേഷകർ പറയുന്നു. കഴിഞ്ഞ വർഷം മേയിൽ സോമർടൺമാന്റെ മൃതദേഹാവശിഷ്ടങ്ങൾ ഡി.എൻ.എ പരിശോധനയ്ക്കായി പുറത്തെടുത്തിരുന്നു. എന്നാൽ, ഇതിന് മുന്നേ സോമർടൺ മാന്റെ തലയുടെ പ്ലാസ്റ്റർ കാസ്റ്റിൽ കണ്ടെത്തിയ മുടിയിൽ നിന്ന് വേർതിരിച്ച ഡി.എൻ.എയിലൂടെയാണ് ഡെറെക് ആബട്ട് എന്ന ഗവേഷകന്റെ വെളിപ്പെടുത്തൽ.

യു.എസ് ഫോറൻസിക് വിദഗ്ദ്ധ കൊളീൻ ഫിറ്റ്സ്പാട്രികും ഡെറെകിനെ സഹായിച്ചു. 4000 പേരിൽ നിന്നാണ് സോമർടൺ മാനെന്ന് കരുതുന്ന കാൾ വെബ്ബിനെ കണ്ടെത്തിയതെന്നും ഇദ്ദേഹത്തിന്റെ ഡി.എൻ.എ, നിലവിൽ ജീവിച്ചിരിക്കുന്ന ബന്ധുക്കളുമായി ഒത്തുനോക്കി സ്ഥിരീകരിച്ചെന്നും ഡെറെക് പറയുന്നു. അതേ സമയം, കേസ് അന്വേഷിച്ചിരുന്ന സൗത്ത് ഓസ്ട്രേലിയൻ പൊലീസും സർക്കാർ ഫോറൻസിക് വിദഗ്ദ്ധരും ഇത് സ്ഥിരീകരിച്ചിട്ടില്ല.

 ആരാണ് അയാൾ ?

1948 ഡിസംബർ 1ന് ഓസ്ട്രേലിയയിലെ സോമർടൺ ബീച്ചിൽ ഒരു പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. കാലുകൾ നീട്ടി ഒന്നിനു മുകളിൽ ഒന്ന് വച്ച നിലായിൽ കടൽ ഭിത്തിയിൽ ചാരി മണലിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഒറ്റനോട്ടത്തിൽ അയാൾക്ക് ജീവനില്ലെന്ന് തോന്നുകയില്ല. ആരോ കടൽത്തീരത്ത് വിശ്രമിക്കുകയാണെന്നേ തോന്നൂ. ഏകദേശം 40 വയസ് തോന്നിച്ചിരുന്ന അയാൾ കാഴ്ചയിൽ പൂർണ ആരോഗ്യവാനായിരുന്നു. ക്ലീൻ ഷേവ് ചെയ്‌ത മുഖവും ചുവന്ന തലമുടിയോടും കൂടിയ അയാൾ വില കൂടിയ സ്യൂട്ട് ധരിച്ചിരുന്നു. മൃതദേഹം തിരിച്ചറിയാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമായി. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം കണ്ടെത്തിയില്ല. വിഷം ഉള്ളിൽ ചെന്നിരിക്കാമെന്ന് സംശയിച്ചു. ആരാണെന്നോ എവിടെ നിന്ന് വന്നെന്നോ എങ്ങനെ മരിച്ചെന്നോ ആർക്കും പിടികൊടുക്കാതിരുന്ന ആ അജ്ഞാൻ പിന്നീട് 'സോമർടൺ മാൻ ' എന്നറിയപ്പെട്ട് തുടങ്ങി.

 പൊലീസിന് ലഭിച്ച തുമ്പുകൾ

 മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസം സോമർടൺമാനുമായി സാദൃശ്യമുള്ള ഒരാൾ നിശ്ചലനായി അവിടെ ഇരിക്കുന്നത് കണ്ടെന്ന് പലരും മൊഴി നൽകി

 സോമർടൺമാന്റെ സ്യൂട്ടിലെ പോക്കറ്റിൽ ഓസ്ട്രേലിയയിൽ ലഭിക്കാത്തതരം വിലകൂടിയ ബ്രിട്ടീഷ് സിഗററ്റുകൾ കണ്ടെത്തി

 അഡെലെയ്ഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ലേബൽ കീറിമാറ്റപ്പെട്ട നിലയിൽ സോമർടൺമാന്റെ സ്യൂട്ട് കേസ് കണ്ടെത്തി

 സോമർടൺമാന്റെ വസ്ത്രത്തിനുള്ളിലെ ഒരു രഹസ്യ പോക്കറ്റിൽ നിന്ന് 'ടമാം ഷ‌ുഡ് ' എന്നെഴുതിയ ഒരു പേപ്പർ കിട്ടി

 പേർഷ്യൻ വാക്കായ ഇതിന്റെ അർത്ഥം 'അവസാനം' എന്നാണ്. പേർഷ്യൻ കവി ഒമർ ഖയ്യാമിന്റെ 'റുബായ്യാത്ത് ' എന്ന പുസ്‌തകത്തിൽ നിന്ന് കീറിയെടുത്തതായിരുന്നു ഈ പേപ്പർ

 ഇതോടെ സോമർടൺമാന്റെ മരണത്തെ ' ടമാം ഷുഡ് " കേസ് എന്ന് വിളിച്ചു

 1949ൽ സോമർടൺമാനെ അഡെലെയ്‌ഡിലെ വെസ്റ്റ് ടെറസ് സെമിത്തേരിയിൽ സംസ്കരിച്ചു

 ടമാം ഷുഡിന് പിന്നാലെ

 തന്റെ കാറിന്റെ ബാക്ക് സീറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ റുബായ്യാത്തിന്റെ കോപ്പിയുമായി ഒരാൾ പൊലീസിനെ സമീപിച്ചു

 ആ കോപ്പിയിൽ നിന്ന് കീറിയെടുത്ത ഭാഗമായിരുന്നു സോമർടൺമാനിൽ നിന്ന് ലഭിച്ചതും

 ബുക്കിന്റെ കവറിൽ കോഡ് ഭാഷയിലെ ഒരു ലിസ്റ്റും ജെസിക്ക എന്ന സ്ത്രീയുടെ ഫോൺ നമ്പറും ഉണ്ടായിരുന്നു

 രണ്ടാം ലോകമഹായുദ്ധ സമയത്ത് സിഡ്നിയിലെ ഒരു ആശുപത്രിയിൽ നഴ്സ് ആയിരുന്നു ജെസീക്ക

 ഇവരുടെ കൈയിലും റുബായ്യാത്തിന്റെ ഒരു കോപ്പി ഉണ്ടായിരുന്നു. എന്നാൽ സോമർടൺമാനെ അറിയില്ലെന്നായിരുന്നു മറുപടി

 പുസ്തകത്തിന്റെ മറ്റൊരു കോപ്പി ആൽഫ് ബോക്‌സൽ എന്ന ആർമി ഓഫീസറിന് നൽകിയെന്ന് ജെസീക്ക പറഞ്ഞു. ആൽഫ് ആകാം സോമർടൺമാനെന്ന് പൊലീസ് കരുതിയെങ്കിലും അയാൾ ഓസ്ട്രേലിയയിൽ തന്നെ ജീവിച്ചിരുന്നു. ജെസിക്ക നൽകിയ കോപ്പിയും അയാളുടെ കൈയ്യിലുണ്ടായിരുന്നു

ഓസ്ട്രേലിയയ്ക്ക് പുറത്തേക്ക് അമേരിക്കയുടെ എഫ്.ബി.ഐ, യു.കെയുടെ സ്കോർട്ട്ലൻഡ് യാർഡ് തുടങ്ങിയവരുടെയും അന്വേഷണം നീണ്ടെങ്കിലും പരാജയപ്പെട്ടു

 സോമർടൺമാൻ ഒരു റഷ്യൻ ചാരനാണെന്ന് അഭ്യൂഹമുണ്ടായി

 കാൾ വെബ്ബ്

 1905 നവംബർ 16ന് ജനനം

 ആറ് സഹോദരങ്ങളിൽ ഏറ്റവും ഇളയത്

 ഭാര്യ - ഡൊറോത്തി റോബട്ട്സൺ. 1947 ഏപ്രിലിൽ ഡൊറോത്തിയെ ഉപേക്ഷിച്ച കാൾ വെബ്ബിന് പിന്നെ കാണാതായി. ഇയാൾക്ക് എന്ത് സംഭവിച്ചെന്ന് അറിയില്ലായിരുന്നു. ഇദ്ദേഹം മരിച്ചതായി രേഖകളില്ല.

 ഉറപ്പിക്കാമോ ?

ഓസ്ട്രേലിയൻ പൊലീസിന്റെ സ്ഥിരീകരണം കൂടി ലഭിച്ചാൽ കാൾ വെബ്ബാണ് സോമർടൺ മാൻ എന്ന് ഉറപ്പിക്കാം. എന്നാൽ സമാന്തര ഫോറൻസിക് പരിശോധനകളുടെ കൂടുതൽ ഫലം ലഭ്യമായാലേ പൊലീസിന്റെ ഭാഗത്ത് നിന്ന് ഇതിന്റെ ഉത്തരം ലഭിക്കൂ. ഡൊറോത്തിയ്ക്ക് എന്ത് സംഭവിച്ചെന്നും കാൾ വെബ്ബ് എങ്ങനെ മരിച്ചെന്നുമുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ തേടുകയാണ് ഡെറെക്. മാത്രമല്ല, 'ടമാം ഷ‌ുഡ്", കോഡ് ഭാഷയിലെ കത്ത് തുടങ്ങി പൊലീസിന് ലഭിച്ച തെളിവുകൾക്കും വിശദീകരണം കണ്ടെത്തണം.