
ലണ്ടൻ: ട്രാൻസ് മാനായി അഭിനയിച്ച് രണ്ട് യുവതികളെയും ഒരു പതിനാറുകാരിയെയും ലൈംഗികബന്ധത്തിലേർപ്പെട്ട് വഞ്ചിച്ചയാൾക്ക് തടവുശിക്ഷ. ലണ്ടനിലെ എൻഫീൽഡ് സ്വദേശിയായ 32വയസുളള താർജിത്ത് സിംഗിനെയാണ് യുവതികളെ പറ്റിച്ചതിന് സ്‌നെയേഴ്‌സ്ബ്രൂക്ക് ക്രൗൺ കോടതി തടവിന് വിധിച്ചത്.
ഹന്ന വാൾട്ടേഴ്‌സ് എന്ന സ്‌ത്രീയായി ജനിച്ച താർജിത്തിന് യുവതികളോടും പെൺകുട്ടികളോടുളള ബന്ധം അത്ര നല്ലതായിരുന്നില്ല.2010 ജൂണിനും 2016 മാർച്ചിനുമിടയിലാണ് ഇയാൾ പെൺകുട്ടികളെ വഞ്ചിച്ചത്. വസ്‌ത്രങ്ങളും സെക്‌സ് ടോയും ധരിച്ചാണ് ഇയാൾ ഇവരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടത്. തട്ടിപ്പ് ഇവർ കണ്ടെത്തിയതോടെ അവരെ അസഭ്യം പറയാനും ആക്രമിക്കാനും തുടങ്ങി. പെൺകുട്ടികളിൽ ഒരാളെ തീവെച്ച് കൊല്ലാനുളള ശ്രമവും നടത്തി. ഇതേ പെൺകുട്ടിയെ സത്യം മനസിലാക്കിയെന്ന് ബോദ്ധ്യപ്പെട്ടതോടെ ഫോൺ ഉപയോഗിച്ച് തല തകർക്കാനും മൂക്കിന് പരിക്കേൽപ്പിക്കാനും താർജിത്ത് ശ്രമിച്ചു.
വീട്ടിൽ പ്രശ്‌നമുണ്ടായിരുന്നവരെയും പഠനത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നവരെയാണ് ഇയാൾ തിരഞ്ഞുപിടിച്ച് കണ്ടെത്തി വഞ്ചിച്ചത്. ദുർബലരായ ഇരകൾക്കെതിരെ ഹീനമായ ആക്രമണങ്ങൾ നടത്തിയ താർജിത്ത് അപകടകാരിയായ കുറ്റവാളിയാണെന്ന് കോടതി നിരീക്ഷിച്ചു. പുരുഷനെപ്പോലെയാണ് താർജിത്തിനെ കണ്ടപ്പോൾ തോന്നിയതെന്നും പുരുഷനെ പോലെ അയാൾ പെരുമാറിയിരുന്നുവെന്നും ഇരകളിലൊരാൾ വ്യക്തമാക്കി.