growbag

ചേർത്തല: വീടിനോട് ചേർന്നുള്ള ബാത്ത് റൂമിന് മുകളിൽ ഗ്രോബാഗിൽ രഹസ്യമായി കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിൽ തൈക്കൽ ഉമാപറമ്പിൽ പ്രേംജിത്ത് (22) ആണ് പിടിയിലായത്.

മൂന്ന് വർഷത്തോളമായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രേംജിത്ത് തന്റെ ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവിൽ നിന്നു ശേഖരിച്ച വിത്ത് മുളപ്പിച്ചാണ് ചെടിയാക്കിയതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. നാല് മാസത്തോളം പ്രായമുള്ള രണ്ട് കഞ്ചാവ് ചെടികൾക്ക് 2 മീ​റ്റർ ഉയരമുണ്ട്. എക്‌സൈസ് ചേർത്തല റേഞ്ച് ഇൻസ്പെർ വി.ജെ.റോയിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന.

എക്‌സൈസ് അസി.ഇൻസ്‌പെക്ടർ എൻ.ബാബു, പ്രിവന്റീവ് ഓഫീസർമാരായ ഡി.മായാജി, ഷിബു പി.ബെഞ്ചമിൻ, സിവിൽ പൊലീസ് ഓഫീസർമാരായ ബി.എം.ബിയാസ്, കെ.എച്ച്.ഹരീഷ്‌കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.