
കൊച്ചി: ഇരുനില വീട് ഇടിഞ്ഞ് താഴ്‌ന്ന് പതിമൂന്നുകാരൻ മരിച്ചു. കാവിൽതോട്ടം മനയിൽ ഹരിനാരായണൻ ആണ് മരിച്ചത്. പെരുമ്പാവൂരിൽ കീഴില്ലം സൗത്തു പരുത്തിവേലിപ്പടിയിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.
സംഭവസമയത്ത് കുട്ടിയുടെ മുത്തച്ഛൻ നാരായണൻ നമ്പൂതിരി അടക്കം ഏഴ് പേർ വീട്ടിലുണ്ടായിരുന്നു. നാരായണൻ നമ്പൂതിരിക്കും ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടം നടക്കുന്ന സമയത്ത് കുട്ടിയും മുത്തച്ഛനും മാത്രമായിരുന്നു താഴത്തെ നിലയിലുണ്ടായിരുന്നത്. കുട്ടി ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. നാരായണൻ നമ്പൂതിരി അടക്കമുള്ളവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും, ഹരിനാരായണനെ രക്ഷിക്കാനായില്ല. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴയുണ്ടായിരുന്നു. പുതിയ വീടാണെന്ന് നാട്ടുകാർ വ്യക്തമാക്കി.