
തൃപ്പൂണിത്തുറ: നിരവധി മോഷണകേസുകളിലെ പിടികിട്ടാപ്പുള്ളിയെയും സഹായിയെയും തൃപ്പൂണിത്തുറ പൊലീസ് സിനിമാ സ്റ്റൈലിൽ പിടികൂടി. ആറ്റിങ്ങൽ ശാസ്താവിളയിൽ ചിഞ്ചിലം സതീശൻ എന്നി വിളിക്കുന്ന സതീഷ് കുമാർ (40) ഇയാളുടെ സഹായിയും മോഷണ കേസുകളിൽ പ്രതികളുമായ ഇടപ്പള്ളി വട്ടേക്കുന്നം മാനോളിപ്പറമ്പിൽ റെനീഷ് (27), തിരുവനന്തപുരം കടകംപിള്ളി കണ്ണാന്തറ കരയില്‍ ജോസി നിവാസില്‍ ബെർച്ച്മാൻ മകൻ അനി എന്ന വിളിപ്പേരുള്ള തിയോഫിൻ (39) എന്നിവരാണ് പിടിയിലായത്. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിനു സമീപം പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിൽ നിന്നും ആറു പവന്റെ സ്വർണാഭരണങ്ങൾ കഴിഞ്ഞ 14 നു മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് സതീശൻ പിടിയിലാകുന്നത്.
ഇതിനിടെ ഇയാൾക്കൊപ്പം മുൻപ് ജയിൽ ശിക്ഷ അനുഭവിച്ച റെനീഷ് കളമശേരി മെട്രോ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ ജീവനക്കാരനായി ജോലി ചെയ്യുന്നതറിഞ്ഞ് ഇയാളെ നിരീക്ഷിച്ചപ്പോൾ സതീശനെ ലോഡ്ജിൽ താമസിപ്പിച്ചിട്ടുള്ളതായി വ്യക്തമായി. പൊലീസ് എത്തിയപ്പോൾ പ്രതി നാലാം നിലയിൽ നിന്നും ചാടി രക്ഷപ്പെട്ടു. തുടർന്ന് ലോഡ്ജിൽ റൂമിൽനിന്നും വസ്ത്രവും ബാഗും എടുക്കാൻ പുലർച്ചെ എത്തിയ പ്രതിയെ മൽപ്പിടുത്തത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലിസി ആശുപത്രിക്കു സമീപം നിന്നും രണ്ടു പൾസർ ബൈക്കുകൾ, തൃപ്പൂണിത്തുറയിൽ നിന്നും സ്‌കൂട്ടറിൽ സൂക്ഷിച്ച 6 പവൻ സ്വർണം, ഉദയംപേരൂർ നടക്കാവ് ക്ഷേത്രത്തിനു സമീപം സ്‌കൂട്ടറിൽ നിന്നും പണമടങ്ങിയ ബാഗ്, എളമക്കര പുന്നക്കൽ ക്ഷേത്രത്തിനു സമീപത്തുനിന്നും സ്‌കൂട്ടറിൽ സൂക്ഷിച്ച സ്വർണം, വലിയകുളത്തു സ്‌കൂട്ടറിൽ നിന്നും സ്വർണം തുടങ്ങിയ നിരവധി മോഷണങ്ങളും നടത്തിയതായി പ്രതി സമ്മതിച്ചു. പണമോ സ്വർണമോ നഷ്ടപ്പെട്ടവർ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു ചകിലം അറിയിച്ചു. തൃക്കാക്കര അസി. കമ്മിഷണർ പി.വി.ബേബി നേതൃത്വം വഹിച്ച അന്വേഷണ സംഘത്തിൽ സി.ഐ ഗോപകുമാർ, എസ്.ഐ.മാരായ പ്രദീപ് എം.ഷാനവാസ്, കെ.എച്ച് രമേശൻ, എ.എസ്.ഐ. മാരായ രാജീവ് നാഥ്, എം.ജി.സന്തോഷ്, ഷാജി, സതീഷ്‌കുമാർ, എസ്.സി.പി.ഒ ശ്യാം ആർ. മേനോൻ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.