modi

ലോകത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമായാലും ഇന്ത്യയ്ക്ക് ഭയപ്പെടേണ്ടതില്ലെന്ന് പഠനങ്ങൾ. യു.എസ്.എ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ സ്ഥിതി മോശമായാലും ഇന്ത്യയ്ക്ക് പേടിക്കേണ്ടതില്ലെന്നാണ് വിവിധ സർവേകൾ ചൂണ്ടിക്കാട്ടി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലോകത്തിൽ തന്നെ സാമ്പത്തിക മാന്ദ്യമുണ്ടാകാൻ ഏറ്റവും സാദ്ധ്യത കുറവ് ഇന്ത്യയിലാണ്. രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകാനുള്ള സാദ്ധ്യത പൂജ്യം ശതമാനമെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. ഏഷ്യയിലൊട്ടാകെ സാമ്പത്തിക മാന്ദ്യം ഉണ്ടാകാനുള്ള സാദ്ധ്യത 20 മുതൽ 25 ശതമാനം വരെയാണ്. യൂറോപ്പിലിത് 50 - 55 ശതമാനമാണ്.

ആഗോള സാമ്പത്തിക ശക്തികളിലൊന്നായി കണക്കാക്കുന്ന യു.എസ്.എയിൽ പോലും മാന്ദ്യമുണ്ടാകാനുള്ള സാദ്ധ്യത 40 ശതമാനമാണ്. നിലവിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലാണ് ലോകത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ കാര്യത്തിൽ ഏറ്റവും അപകടകരമായ അവസ്ഥയിലുള്ളത്. 85 ശതമാനം സാദ്ധ്യതയാണ് സർവേകൾ കൽപ്പിക്കുന്നത്.

രണ്ട് ഘടകങ്ങളാണ് ഇന്ത്യയ്‌ക്ക് പ്രധാനമായു ഗുണം ചെയ്യുന്നത്. കാർഷിക മേഖല കരുത്തോടെ തുടരുന്നതും ഉല്‍പാദന- സേവന മേഖല മികവ് പുലർത്തുന്നതും രാജ്യത്തിന് സഹായമാകുകയാണ്. ഇതിന് പുറമെ റഷ്യൻ വിതരണവും ഇന്ത്യയ്ക്ക് അനുകൂലമാണ്.

modi-putin

ഈ വർഷം മാർച്ചിന് ശേഷം 66 ബില്യൺ ബാരൽ എണ്ണ റഷ്യയുടെ പക്കൽ നിന്നും ഇന്ത്യ വാങ്ങിയെന്നാണ് അനൗദ്യോഗിക കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. എണ്ണയ്‌ക്ക് പുറമെ സോയാബീൻ, കൽക്കരി, വളങ്ങൾ എന്നിലയും ഇന്ത്യ വാങ്ങുന്നുണ്ട്. റഷ്യയിൽ നിന്ന് തുച്ഛമായ വിലയിൽ വാങ്ങാം എന്നത് തന്നെയാണ് ഇന്ത്യയെ ആകർഷിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക സമ്പദ്‌വ്യവസ്ഥയെ ഇക്കാര്യങ്ങൾ നല്ല രീതിയിൽ സഹായിക്കുന്നുണ്ട്. അന്താരാഷ്ട് വിലയെക്കാൾ 36% വിലക്കുറവിലാണ് റഷ്യൻ എണ്ണ ഇന്ത്യയ്ക്ക് ലഭിക്കുന്നത്.

റഷ്യയുടെ തുറമുഖങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ക്രൂഡിന്റെ പകുതിയോളം വാങ്ങുന്നത് ഏഷ്യൻ രാജ്യങ്ങളാണ്. അതിൽ ആധിപത്യം പുലർത്തുന്നത് ഇന്ത്യയും ചെെനയുമാണ്. നിലവിൽ റഷ്യയെയാണ് എണ്ണ ഇറക്കുമതിയ്‌ക്കായി സൗദി അറേബ്യയേക്കാൾ കൂടുതലായി ചൈന ആശ്രയിക്കുന്നത്.

ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി റഷ്യ ഈയടുത്ത് മാറിയിരുന്നു. ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാഖിൽ നിന്നാണ്. സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്ത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണ്. രാജ്യത്ത് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്.

യുക്രെയിൻ അധിനിവേശത്തിനു ശേഷം യൂറോപ്യൻ കമ്മീഷൻ റഷ്യൻ ക്രൂഡ് ഓയിലിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. എണ്ണ കയറ്റുമതിയെ വൻതോതിൽ ആശ്രയിക്കുന്ന റഷ്യൻ സമ്പദ്‌വ്യവസ്ഥയിൽ സമ്മർദ്ദം ചെലുത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഈ പ്രതിസന്ധിയെ നേരിടാൻ വൻ ഡിസ്കൗണ്ടുകളാണ് റഷ്യ പ്രഖ്യാപിച്ചത്.

അതേസമയം, ആഗോള പണപ്പെരുപ്പത്തിന്റെ കെണിയിൽപ്പെടാതെ ഇന്ത്യ രക്ഷപ്പെടുമെന്നാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പറയുന്നത്. പണപ്പെരുപ്പം നിലവിൽ ഇന്ത്യയിൽ നിയന്ത്രണവിധേയമല്ലെങ്കിലും ഭയപ്പെടേണ്ട അവസ്ഥയിലല്ല. വിലക്കയറ്റം ജനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും പിടിച്ചുനിർത്താനാകുമെന്നാണ് ആർ.ബി.ഐയുടെ പ്രതീക്ഷ. ഒക്‌ടോബറോടെ പണപ്പെരപ്പം തണുക്കുമെന്നാണ് ഗവർണ‌ർ ശക്തികാന്ത ദാസ് അഭിപ്രായപ്പെടുന്നത്. ലോകത്ത് തന്നെ വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുകയാണെന്നും റിസർവ് ബാങ്ക് ഒഫ് ഇന്ത്യ കൂട്ടിച്ചേർത്തു.