
മംഗളൂരു: സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിൽ ആറുപേർകൂടി കസ്റ്റഡിയിൽ. പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ പ്രവർത്തകരാണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം ഇരുപത്തൊന്നായി.
അതേസമയം കേസിന്റെ അന്വേഷണം കേരളത്തിലേക്ക നീളുകയാണ്. കേരളാ ബന്ധമുള്ളവരാണ് കേസിലെ പ്രതികളെന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് മംഗളൂരു എസ് പി അറിയിച്ചു. കൊലപാതക സംഘം കേരള രജിസ്‌ട്രേഷനുള്ള ബൈക്കിലാണ് എത്തിയതെന്ന് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഈ വാഹനം ഇന്നലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.അന്വേഷണത്തിനായി കർണാടക പൊലീസിന്റെ പ്രത്യേക സംഘം കേരളത്തിലെത്തും. കർണാടക പൊലീസ് മേധാവി കേരള ഡിജിപിയുടെ സഹായം തേടിയിട്ടുണ്ട്.
ബെല്ലാരയിൽ പൗൾട്രി ഫാം നടത്തിപ്പുകാരനായ പ്രവീൺ (32) ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വീട്ടിലേക്ക് പോകാനിറങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഈ മാസം 21ന് സുളള്യ പുത്തൂർ സ്വദേശി മുഹമ്മദ് മസ്ഊദിനെ എട്ടംഗ സംഘം കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമാണ് യുവമോർച്ച നേതാവിന്റെ കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ, രാജസ്ഥാനിലെ കനയ്യ ലാലിനെ പിന്തുണച്ചതിന്റെ പേരിലാണ് പ്രവീണ്‍ നെട്ടാരെയുടെ കൊതപാകമെന്നാണ് ബി ജെ പി ആരോപണം. കനയ്യ ലാലിനെ പിന്തുണച്ച് പ്രവീൺ നെട്ടാർ സമൂഹമാദ്ധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ഇതിലുള്ള പ്രതികാരമായാണ് കൊലപാതകമെന്നാണ് ബി ജെ പി ആവർത്തിക്കുന്നത്. കനയ്യ ലാലിനെ കൊലപ്പെടുത്തിയ പോലെ കഴുത്ത് മുറിച്ചും മറ്റുമാണ് പ്രവീൺ നെട്ടാരെയേയും കൊലപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്,എസ് ഡി പി ഐ പ്രവർത്തകർ ആണെന്നും ബിജെപി ആരോപിക്കുന്നു.
അതിനിടെ, കൊലപാതകകേസിൽ അന്വേഷണം ഊർജിതമല്ലെന്ന് പാർട്ടിക്കുള്ളിൽ ആക്ഷേപം ശക്തമാണ്. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റുചെയ്തില്ലെങ്കിൽ രാജിവയ്ക്കുമെന്ന് യുവമേർച്ചയിലെ ചില നേതാക്കൾ പാർട്ടി കേന്ദ്രങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊപ്പാൽ ജില്ലയിലെ പ്രവർത്തകർ ബിജെപി ദേശീയ നേതൃത്വത്തിന് കൂട്ടരാജി കത്ത് നൽകിയെന്നും റിപ്പോർട്ടുണ്ട്.