
മെലിയോയിഡോസിസ് എന്ന അപൂർവവും മാരകവുമായ രോഗത്തിന് കാരണമാവുന്ന ബാക്‌ടീരിയയെ ആദ്യമായി അമേരിക്കയിൽ കണ്ടെത്തി. മലിനജലത്തിലും മണ്ണിലും കാണപ്പെടുന്ന ബി. സ്യൂഡോമല്ലൈയ് അഥവാ ബർക്കോൽഡെറിയ സ്യൂഡോമല്ലൈയ് എന്ന ബാക്ടീരിയയെ മിസിസിപ്പിയിലാണ് കണ്ടെത്തിയത്. പിന്നാലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
രോഗബാധിതരായ രണ്ടുപേരുടെ വീട്ടുപകരണങ്ങളും പരിസരവും പരിശോധിച്ചതിൽ നിന്നാണ് ബാക്ടീരിയയെ കണ്ടെത്തിയത്. രോഗബാധയേറ്റതിന് പിന്നാലെ ഇരുവർക്കും പനി, തലവേദന, സന്ധിവേദന എന്നിവ അനുഭവപ്പെട്ടിരുന്നു.
യുഎസിൽ പ്രതിവർഷം ശരാശരി 12 കേസുകൾ മെലിയോയിഡോസിസുമായി ബന്ധപ്പെട്ട് യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. രക്തത്തിലെ അണുബാധ, ശരീരത്തിൽ കുരുക്കൾ രൂപപ്പെടുന്നത്, ന്യുമോണിയ എന്നിവയ്ക്ക് മെലിയോയിഡോസിസ് കാരണമാവുന്നു. മികച്ച ആരോഗ്യമുള്ളവരിൽ രോഗബാധ കുറവാണെങ്കിലും ആഗോളതലത്തിൽ രോഗത്തിന്റെ മരണനിരക്ക് 50 ശതമാനം വരെയാണ്.
അമിത മദ്യപാനം, ശ്വാസകോശ, കിഡ്‌നി രോഗങ്ങൾ, പ്രമേഹം എന്നിവയുള്ളവർ ജാഗ്രത പാലിക്കണം. മണ്ണിൽ കൂടുതലായി ചെലവഴിക്കുന്ന സമയത്ത് കാലുകൾ മറയ്ക്കുന്ന ബൂട്ട്‌സ്, കയ്യുറ എന്നിവ ധരിച്ച് മലിനജലവും മണ്ണുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണമെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു.