
കുഞ്ഞുങ്ങൾക്ക് ഒന്നിലധികം മദ്ധ്യനാമങ്ങൾ (മിഡിൽ നെയിം) നൽകുന്നത് സാധാരണ സംഭവമാണ്. ചിലപ്പോഴൊക്കെ മൂന്ന് പേരുകൾ വരെ ഇത്തരത്തിൽ നൽകാറുണ്ട്. എന്നാൽ ഒരാൾ തന്റെ മകന് നൽകിയത് ഒന്നും രണ്ടുമല്ല, 27 മദ്ധ്യനാമങ്ങളാണ്.
തന്റെ മകന് 27 മിഡിൽ നെയിം നൽകിയതെങ്ങനെയെന്ന് പിതാവ് തന്നെ വിശദമാക്കി. '1970-കളിലാണ് മകൻ ജനിക്കുന്നത്. ഞാനും ഭാര്യയും ഹിപ്പി കമ്മ്യൂണിറ്റിയിലെ അംഗങ്ങളായിരുന്നു. മകന് പുതുമയുള്ള പേരിടണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ആദ്യ പേര് 'മഴ' എന്ന പേര് തിരഞ്ഞെടുത്തു. പിന്നാലെ സുഹൃത്തുക്കൾ ഓരോരോ പേരുകൾ പറഞ്ഞുതന്നു. മകന് ഏത് പേര് ഉപയോഗിക്കണമെന്ന് സ്വയം തീരുമാനിക്കാനാകും'- പിതാവ് പറഞ്ഞു.
മകന്റെ പല പേരുകളും തനിക്ക് ഓർമ്മയില്ലെന്ന് പിതാവ് പറയുന്നു. ചിലത് ഓർത്തെടുക്കാനും അയാൾ ശ്രമിച്ചു. മഴ, കൊടുങ്കാറ്റ്, ഇടിമിന്നൽ, മേഘം, തീ, ഭക്ഷണം, പക്ഷി, പരുന്ത്, കാറ്റ്, മഹാസമുദ്രം എന്നിങ്ങനെയുള്ള പേരുകളാണ് മകന് നൽകിയത്.
മകനോട് ഇഷ്ടമുള്ള പേര് തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ പലവട്ടം പറഞ്ഞിരുന്നു. ഒടുവിൽ നാലാം വയസിൽ അവൻ സ്വന്തം പേര് കണ്ടെത്തി, ബെറ്റി ക്രോക്കർ. 'ബെറ്റി ക്രോക്കർ' ഒരു ബ്രാൻഡും സാങ്കൽപ്പിക കഥാപാത്രവുമാണ്, വാഷ്ബേൺ-ക്രോസ്ബി കമ്പനി 1921-ൽ അവരുടെ ഭക്ഷണത്തിനും പാചകക്കുറിപ്പുകൾക്കുമുള്ള പരസ്യ പ്രചാരണങ്ങൾക്കായി സൃഷ്ടിച്ചതാണ് ഈ കഥാപാത്രം.