minister

കൊൽക്കത്ത: നിയമനക്കോഴക്കേസിൽ ഇ ഡി അറസ്റ്റുചെയ്ത പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ വസതിയിൽ മോഷണം. വിലപിടിച്ചതുൾപ്പടെ നിരവധി വസ്തുക്കൾ മോഷ്ടാക്കൾ കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. പൂട്ടുതകർത്ത് വീട്ടിനുള്ളിൽ കയറിയ മോഷ്ടാക്കൾ വലിയ ബാഗിൽ സാധനങ്ങൾ കൊണ്ടുപോകുന്നത് നാട്ടുകാർ കണ്ടെങ്കിലും ഇ ഡി ഉദ്യോഗസ്ഥരാണെന്ന് കരുതി ആരും തടയാൻ എത്താത്തത് കള്ളന്മാർക്ക് സഹായകമായി. വിശദമായ പരിശോധന നടന്നാലേ എന്തൊക്കെ മോഷണംപോയെന്ന് പറയാനാകൂ എന്നാണ് പൊലീസ് പറയുന്നത്.

2016ലെ മമത മന്ത്രിസഭയിൽ പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കേ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നടത്തിയ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന കേസിലാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മിഷനും പശ്ചിമ ബംഗാൾ പ്രൈമറി എജുക്കേഷൻ ബോർഡും വഴിയുള്ള നിയമനങ്ങളിലാണ് കോഴ ഇടപാട് നടന്നത്. ചാറ്റർജിയുടെ അടുത്ത സഹായിയായ നടി അർപിത മുഖർജിയുടെ രണ്ടാമത്തെ അപ്പാർട്ട്‌മെന്റിൽ നിന്ന് 28.90 കോടി രൂപയും അഞ്ച് കിലോയിലധികം സ്വർണവും നിരവധി രേഖകളും ഇഡി ബുധനാഴ്ച കണ്ടെടുത്തിരുന്നു. മുഖർജിയുടെ വീട്ടിൽ നിന്ന് 21.90 കോടി രൂപയും 56 ലക്ഷം രൂപ വിദേശ കറൻസിയും 76 ലക്ഷം രൂപയുടെ സ്വർണവും ഏജൻസി നേരത്തെ കണ്ടെത്തിയിരുന്നു.ഹൈക്കോടതി നിർദ്ദേശപ്രകാരം നിയമന അഴിമതി സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനു സമാന്തരമായാണ് ഇ.ഡിയുടെ ഇടപെടൽ.