
കൊച്ചി: ഹെൽമെറ്റില്ലാത്തതിനും ഓവർ സ്‌പീഡിനുമൊക്കെ ഫെെൻ വരുന്നത് സർവസാധാരണമാണ്. ട്രാഫിക് പൊലീസ് നൽകുന്ന ചെല്ലാനിൽ ഫെെനിന്റെ കാരണങ്ങൾ വ്യക്തമായി എഴുതാറുമുണ്ട്. ഇപ്പോഴിതാ ബേസിൽ ശ്യാം എന്ന യുവാവിനെ പിഴ ലഭിച്ചതിന്റെ കാരണം കൗതുകമുണർത്തുന്നതാണ്. 'ആവശ്യത്തിന് ഇന്ധനമില്ലാതെ യാത്രക്കാരുമായി വാഹനമോടിച്ചു' എന്നാണ് ശ്യാമിന് ലഭിച്ച ചെല്ലാനിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവം ഇങ്ങനെ, റോയൽ എൻഫീൽഡിൽ ജോലിസ്ഥലത്തേക്ക് പോകുന്ന സമയത്താണ് പൊലീസ് ശ്യാമിനെ കെെകാണിച്ച് നിർത്തിയത്. വൺ വേയിലൂടെ ദിശ തെറ്റിച്ചായിരുന്നു ഇയാൾ വന്നിരുന്നത്. പൊലീസ് ആവശ്യപ്പെട്ട് 250 രൂപ ഫെെൻ ആയി അടയ്ക്കുകയും ചെയ്‌തു. പൊലീസ് തന്ന രസീത് അപ്പോൾ പരിശോധിച്ചിരുന്നില്ല. ഓഫീസിൽ എത്തിയശേഷമാണ് രസീത് നോക്കിയത്. അതിൽ 'ആവശ്യത്തിന് ഇന്ധനമില്ലാതെ യാത്രക്കാരുമായി വാഹനമോടിച്ചു' എന്ന് രേഖപ്പെടുത്തിയിരുന്നു.

ഒന്ന് രണ്ട് അഭിഭാഷകരുമായി ബന്ധപ്പെട്ടുവെങ്കിലും അങ്ങനെ ഒരു കുറ്റവും ഇല്ലെന്ന് മനസിലാക്കി. ശ്യാം രസീത് ഫേസ്‌ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം മോട്ടോർ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ശ്യാമിനെ വിളിച്ച് കാര്യം തിരക്കി. എന്താണ് സംഭവിച്ചതെന്ന് ശ്യാം പറഞ്ഞതിന് ശേഷം, 'ആവശ്യത്തിന് ഇന്ധനമില്ലാതെ യാത്രക്കാരുമായി വാഹനമോടിച്ചു' എന്ന കുറ്റമുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഇത് സ്വകാര്യ വാഹനങ്ങൾക്ക് ബാധകമല്ല.
നിയമമനുസരിച്ച് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഇന്ധനം തീർന്നാൽ, വാഹനത്തിന്റെ ഡ്രൈവറോ ഉടമയോ 250 രൂപ പിഴ നൽകണം. ശ്യാമിന് നൽകിയ ചെല്ലാനിൽ എഴുതിയിരുന്നത് തെറ്റായിരുന്നുവെന്നും ഉദ്യോഗസ്ഥരുടെ ഒരു ടൈപ്പിംഗ് പിശകായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. താൻ ജോലിക്ക് പോകുന്ന സമയത്ത് ബൈക്കിൽ പെട്രോൾ തീർന്നില്ലായിരുന്നെന്നും ശ്യാം കൂട്ടിച്ചേർത്തു.