karkkadakam

പട്ടുവം: കർക്കടകം ശരീര സംരക്ഷണത്തിനും രോഗ ശമനത്തിനുമുള്ള ഔഷധങ്ങൾ സേവിക്കാനുള്ള കാലമായാണ് പണ്ടുകാലം മുതലുള്ള വിശ്വാസം. ഒട്ടുമിക്ക ഔഷധസസ്യങ്ങളും പച്ചമരുന്നുകളും മഴക്കാലത്ത് സമൃദ്ധമായി ലഭിക്കുന്നു എന്നതാണ് ആ വിശ്വാസത്തിലെ ശാസ്ത്രീയതയെന്നാണ് പറയുന്നത്. കർക്കടകത്തിൽ പ്രസവരക്ഷാ മരുന്നുകൾക്കും ആവശ്യക്കാരേറെയാണ്. ഇപ്പോൾ ഇതിന്റെ വില്പനക്കാരും പ്രചാരകരും കൂടുതലും നാട്ടിലെ കുടുംബശ്രീക്കാരാണ്. മിക്ക കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിലും പ്രസവരക്ഷാ മരുന്നുകൾ തയ്യാറാക്കി വിപണനം നടത്തുന്നുണ്ട്. അങ്ങാടിമരുന്ന് വിൽക്കുന്ന ഷോപ്പുകളുടെ മുന്നിലും മരുന്നുപൊടിച്ചു കൊടുക്കുന്ന മില്ലുകളുടെ മുന്നിലും കുടുംബശ്രീ അംഗങ്ങളുടെ വൻ തിരക്കാണ്. പ്രസവരക്ഷാ മരുന്നിലെ ഒട്ടുമിക്ക ഔഷധ കൂട്ടുകളും വടക്കെ ഇന്ത്യയിൽ നിന്നും വരുന്നവയാണ്. വാങ്ങിവരുന്ന മരുന്നുകൾ, പിന്നെ നേരെ ധാന്യങ്ങൾ പൊടിക്കുന്ന മില്ലിലേക്കാണെത്തുന്നത്. മില്ലിൻ പുറത്ത് അടുക്കിവച്ചിരിക്കുന്ന തടുപ്പ ഉപയോഗിച്ച് ഇത് പൊടികളഞ്ഞു വൃത്തിയാക്കുന്നു. പ്രസവിച്ച നാൾ മുതൽ 40 ദിവസം പൂർത്തിയാകുന്ന കാലയളവ് വരെ സ്ത്രീകൾ സേവിക്കുന്ന ഔഷധക്കൂട്ടാണ് സൂതിക ലേഹ്യം.