ഉമ്മയുടെ നാട്ടറിവുകൾ കച്ചവട തന്ത്രമാക്കി പാലക്കാട് കല്ലേക്കാട് പൊടിപ്പാറ സ്വദേശി അൻസിയ. കൺമഷി, ലിപ് ബാം, ഹെയർപാക്ക്, ഹെയർ ഓയിൽ, ഷാംപൂ, ഫേസ് പാക്ക്, ഫെയർനെസ് ഓയിൽ, ഹെന്ന, ഫേസ്വാഷ്, താളി, ഹെയർ സീറം, ഹെർബൽ സോപ്പുകൾ, കുങ്കുമാദി ഓയിൽ തുടങ്ങി അൻപതോളം സൗന്ദര്യ വർദ്ധക വസ്തുക്കളാണ് അൻസിയയുടെ 'ഉമ്മീസ്' പുറത്തിറക്കുന്നത്.

പ്രതിമാസം എട്ട് ലക്ഷം രൂപയോളമാണ് സമ്പാദിക്കുന്നത്. ഉമ്മയുണ്ടാക്കിയ നാടൻ കാച്ചിയ എണ്ണയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതാണ് ഇരുപത്തിമൂന്നുകാരിയായ അൻസിയയുടെ ജീവിതം മാറ്റിമറിച്ചത്.
ഉമ്മ ഏഴുമണിക്കൂറെടുത്ത് തയ്യാറാക്കിയ കാച്ചിയ എണ്ണയുടെ ഫോട്ടോയും നിർമ്മാണ വീഡിയോയും ഫേസ്ബുക്കിൽ പങ്കുവയ്ക്കുമ്പോൾ ലൈക്കാണ് അൻസിയ പ്രതീക്ഷിച്ചിരുന്നത്, പക്ഷേ, അധികമാളുകളും വിലയാണ് അന്വേഷിച്ചത്. പിന്നാലെ എണ്ണ തയ്യാറാക്കി നൽകാമോ എന്ന ചോദ്യവും. ഈ ചോദ്യത്തിൽ നിന്നാണ് ഉമ്മീസ് നാച്ചുറൽസ് എന്ന ബ്രാൻഡിന്റെ തുടക്കം.
ഇന്ന് പാലക്കാട് മേപ്പറമ്പ് ബൈപ്പാസ് റോഡിൽ ഉമ്മീസ് നാച്ചുറൽസിന്റെ ഔട്ട്‌ലെറ്റ് ആരംഭിച്ചിട്ടുണ്ട്. മലപ്പുറത്താണ് ഫാക്ടറിയും സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ നിർമ്മാണവും. ഔട്ട്‌ലെറ്റിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയുമാണ് പ്രധാന വില്പന. ഓർഡർ അനുസരിച്ച് വിദേശത്തേക്കും ഇപ്പോൾ ഉത്പന്നങ്ങൾ എത്തിക്കുന്നുണ്ട്.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഉൾപ്പടെ ഉമ്മീസിന്റെ കാച്ചിയ എണ്ണ, കൺമഷി, അലോവേര സോപ്പ്, പപ്പായ സോപ്പ്, ഗോട്ട് മിൽക്ക് സോപ്പ്, ബേബി മിൽക്ക് സോപ്പ്, അലോവേര ജെൽ എന്നിവയ്ക്ക് വലിയ ഡിമാന്റാണ്.
ഉമ്മീസിന്റെ പ്രത്യേകതകൾ
1. ചർമത്തിന് ഹാനികരമായ രാസവസ്തുക്കൾ ഇല്ലാതെ ആയുർവേദ കൂട്ടുകൾക്കായി പ്രത്യേക ഫോർമുല വികസിപ്പിച്ച് നാടൻ രീതിയിലാണ് ഓരോ ഉത്പന്നങ്ങളും തയ്യാറാക്കുന്നത്. ഇതിനായി ഗവേഷണവും ആയുർവേദ ഡോക്ടർമാരുടെ സഹായവുമുണ്ട്.
2. മറ്റ് നിർമ്മാതാക്കളിൽ നിന്ന് വ്യത്യസ്തമായി ഉത്പന്ന നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും വീഡിയോകളിലൂടെ പങ്ക് വയ്ക്കുന്നുണ്ട്.
3. ഉത്പന്നങ്ങളുടെ രസക്കൂട്ട് പറഞ്ഞുകൊടുക്കും, ആർക്ക് വേണമെങ്കിലും സ്വയം നിർമ്മിക്കാം, ആവശ്യപ്പെട്ടാൽ ഉമ്മീസ് നിർമ്മിച്ചുനൽകും.
4. ഔഷധ സസ്യങ്ങൾ വിവിധ ജില്ലകളിലെ വീട്ടമ്മമാരുടെ നേതൃത്വത്തിലാണ് ശേഖരിക്കുന്നത്. ചില പച്ചിലച്ചെടികളും സസ്യങ്ങളും കൃഷിചെയ്തുണ്ടാക്കുന്നുണ്ട്.
അൻസിയയുടെ വിജയത്തിന് എല്ലാ പിന്തുണയും നൽകി ഭർത്താവ് റംഷീദും ഒപ്പമുണ്ട്. മകൾ: ലൈബ.