പൃഥ്വിരാജ്, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്‌ത ചിത്രമാണ് അയ്യപ്പനും കോശിയും. മികച്ച സംവിധായകൻ, ഗായിക തുടങ്ങി നിരവധി ദേശീയ പുരസ്‌കാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രത്തിലെ 'കലക്കാത്ത' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച നഞ്ചിയമ്മയ്ക്കാണ് മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.
ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് നഞ്ചിയമ്മ. കൗമുദി മൂവിസിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയായിരുന്നു നഞ്ചിയമ്മയുടെ പ്രതികരണം.

'ഞങ്ങൾക്ക് സച്ചി സാർ ദെെവത്തെപ്പോലെയാണ്. അവര് ഒരു പാട്ട് വേണമെന്ന് പറഞ്ഞു. ഞാൻ പഠിച്ചിരുന്നെങ്കിൽ എഴുതിയെടുക്കാമായിരുന്നു. മനസില് വരണതാണ് എന്റെ പാട്ടുകൾ മൊത്തം. ഞാൻ തന്നെ ഉണ്ടാക്കിക്കൊടുത്ത പാട്ടാണ്. ഈ പാട്ട് സിനിമയിൽ വരുമെന്ന് വിചാരിച്ചിട്ടില്ല. മക്കള് ഇത് ഏറ്റെടുക്കുമെന്നും വിചാരിച്ചിട്ടില്ല. സിനിമ ഇറങ്ങുന്നതിന് മുൻപ് ഞാൻ വീട് വിട്ട് അധികം പുറത്ത് പോയിട്ടില്ല.
പൃഥ്വിരാജ്, ബിജുമോനോൻ, സുരേഷ് ഗോപി ഒക്കെ അവാർഡ് കിട്ടിയ ശേഷം വിളിച്ചിരുന്നു. നഞ്ചമ്മ ചേച്ചീ, അടിച്ചു പൊളിച്ചുവല്ലേ എന്നാണ് സുരേഷ് ഗോപി വിളിച്ചപ്പോൾ പറഞ്ഞത്. രാഷ്‌ട്രപതിയുടെ കെെയിൽ നിന്നും അവാർഡ് വാങ്ങാൻ പോകും. അവര് ഏത് ഡേറ്റിന് വിളിച്ചാലും പോകും. പാട്ട് പാടാൻ വരട്ടേയെന്ന് ഞാൻ പരിപാടിക്കാരോട് ഞാൻ ചോദിച്ചിട്ടുണ്ട്. അമ്മാ നീ വരണ്ട എന്ന് അവര് പറഞ്ഞു. 'അയ്യപ്പനും കോശിയും' ഇറങ്ങിക്കഴിഞ്ഞ് അവര് വിളിച്ചു. ഞാൻ വരില്ല എന്ന് പറഞ്ഞു'- നഞ്ചിയമ്മ പറഞ്ഞു.
