roshni-nadar-malhotra

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നേടി എച്ച് സി എൽ ടെക്‌നോളജീസ് ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്ര. 84,330 കോടി രൂപയാണ് റോഷ്‌നി നാടാർ മൽഹോത്രയുടെ ആസ്തി. എച്ച് സി എൽ സ്ഥാപകനും ശതകോടീശ്വരനുമായ വ്യവസായി ശിവ് നാടാറിന്റെ ഏക മകളാണ് റോഷ്‌നി. ആസ്തിയിൽ 54 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് രംഗത്തെ ജോലി ഉപേക്ഷിച്ച് സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ ബിസിനസ് ആരംഭിച്ച നൈക ബ്രാൻഡിന്റെ സ്ഥാപകയായ ഫാൽഗുനി നയ്യാർ ആണ് ഇന്ത്യയിലെ രണ്ടാമത്തെ സമ്പന്നയായ വനിത. 57,520 കോടി രൂപയാണ് ഫാൽഗുനിയുടെ ആസ്തി. 963 ശതമാനം വർദ്ധനവാണ് ഫാൽഗുനിയുടെ ആസ്തിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബിയോകോണിന്റെ കിരൺ മസുംദാ‌ർ ഷായെ പിന്തള്ളിയാണ് ഫാൽഗുനി രണ്ടാമതെത്തിയത്. 29,030 കോടിയുടെ ആസ്തിയാണ് കിരണിനുള്ളത്.

കൊട്ടക് പ്രൈവറ്റ് ബാങ്കിംഗ്- ഹുറുൺ ഇന്ത്യ എന്നിവർ ചേർന്നാണ് ഇന്ത്യയിലെ സമ്പന്നരായ 100 വനിതകളുടെ പട്ടിക പുറത്തിറക്കുന്നത്. ഇന്ത്യയിൽ ജനിച്ചുവളർന്ന, സ്വന്തം ബിസിനസ് കൈകാര്യം ചെയ്യുന്ന വനികളാണ് പട്ടികയിൽ ഉൾപ്പെടുന്നത്. പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന 100 വനിതകളുടെ ആകെ ആസ്തി 4.16 ലക്ഷം കോടി രൂപയാണ്. 53 ശതമാനമാണ് കണക്കിൽ വർ‌ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ ജിഡിപിയിൽ രണ്ട് ശതമാനമാണ് ഇവരുടെ സംഭാവന.

420 കോടി രൂപയുടെ ആസ്തിയുള്ള ജെറ്റ് സെറ്റ് ഗോ മേധാവി കനിക തെക്രിവാൾ (33) ആണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത. പെപ്‌സികോ സി ഇ ഒ ഇന്ദ്ര നൂയി (5040 കോടി രൂപ), എച്ച് ഡി എഫ് സി മാനേജിംഗ് ഡയറക്ടർ റേനു സുദ് ക‌ർനാദ് (870 കോടി), കൊട്ടക് മഹീന്ദ്രയുടെ ശാന്തി എകംബരം (320 കോടി) എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രൊഫഷണൽ മാനേജർമാർ.