
ജീവനക്കാർക്ക് കമ്പനിയിലെ മേധാവികൾ സമ്മാനങ്ങളും ബോണസുമൊക്കെ കൊടുക്കാറുണ്ട്. കമ്പനി നേട്ടത്തിലെത്തിയാലും ജീവനക്കാരെ ചേർത്തുപിടിക്കാത്ത മേധാവികളെയും കാണാം. ഇപ്പോഴിതാ അമേരിക്കയിലെ ഒരു കമ്പനി മേധാവി തന്റെ ജീവനക്കാർക്ക് ബോണസായി നൽകിയിരിക്കുന്നത് 10,000 ഡോളറാണ്(ഏകദേശം എട്ട് ലക്ഷം രൂപ). കൂടെ രണ്ട് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളും ബോസ് ജീവനക്കാർക്ക് നൽകി.
അമേരിക്കയിലെ പ്രശസ്‌തമായ അടിവസ്‌ത്ര നിർമാണ കമ്പനിയായ സ്‌പാൻക്‌സിന്റെ മേധാവി സാറാ ബ്ലേക്ക്‌ലിയാണ് ജീവനക്കാരെ ഞെട്ടിച്ചത്. 'ലോകത്തിലെ ഏറ്റവും മികച്ച ബോസ്' എന്നാണ് ഇവരെ വിളിക്കുന്നത്.

ലോകത്തിലെവിടേയ്‌ക്കും സഞ്ചരിക്കാൻ സാധിക്കുന്ന ഫ്ലെെറ്റ് ടിക്കറ്റാണ് ബോസ് ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. കമ്പനി ലാഭത്തിലായതിന് പിന്നാലെയാണ് ഇത്രയും ഭീമമായ തുക ബോണസായി നൽകിയത്.
ഓരോ ജീവനക്കാരും അവരുടേതായ രീതിയിൽ സന്തോഷ നിമിഷം ആഘോഷിക്കണമെന്നും ജീവിതകാലം മുഴുവൻ അവർക്ക് ഓർക്കാൻ സാധിക്കുന്ന നിമിഷങ്ങൾ ഉണ്ടാവാൻ താൻ ആഗ്രഹിക്കുന്നുവെന്നും സാറ പറഞ്ഞു. സാമൂഹിക മാദ്ധ്യമത്തിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.