kk

തിരുവനന്തപുരം: ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 100 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി മെഡിക്കല്‍ കോളേജില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കുന്നതിനായി കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമമാണ് നടത്തിയത്. മെഡിക്കല്‍ കോളേജിന് അനുമതി ലഭിക്കാനാവശ്യമായ സജ്ജീകരണങ്ങളൊരുക്കി. ആവശ്യമായ ജീവനക്കാരെ നിയമിച്ചു. പുതിയ കെട്ടിടം പൂര്‍ത്തീകരിച്ച് ഐ.പി ആരംഭിച്ചു. അംഗീകാരം നേടിയതോടെ മറ്റ് മെഡിക്കല്‍ കോളേജുകള്‍ പോലെ ഇടുക്കി മെഡിക്കല്‍ കോളേജിനേയും ഉന്നത നിലവാരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മുമ്പത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് തുടക്കം കുറിച്ചെങ്കിലും മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാല്‍ 2016ല്‍ എം.സി.ഐ. അംഗീകാരം റദ്ദാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നുകണ്ട കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇവിടെയുള്ള വിദ്യാര്‍ത്ഥികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റി തുടര്‍പഠനം ഉറപ്പാക്കുകയും അതിന് എം.സി.ഐയുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു..