sajeevan
sajeevan

കോഴിക്കോട്: വടകര പൊലീസ് കസ്റ്റഡിയിലെടുത്ത കൊയിലോത്ത് സജീവൻ സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇന്നോ നാളെയോ നോട്ടീസ് നൽകും. അവരുടെ വീടുകളിലെത്തി നോട്ടീസ് പതിക്കാനാണ് നീക്കം.

അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഇവർ ഇതുവരെ ഹാജരായിട്ടില്ല. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവർ ഒളിവിലാണെന്നാണ് സൂചന. സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരുടെയും മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ ഏറ്റവും നിർണായകമായത് പ്രതിയെ കസ്റ്റഡിയിലെടുത്ത എസ്.ഐയുടെയും എ.എസ്.ഐയുടെയും കൂടെ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴിയാണ്.

ഇതിനിടെ പ്രത്യേക അന്വേഷണ സംഘം കൊയിലോത്ത് സജീവൻ ചികിത്സ നടത്തിയിരുന്ന വടകര സഹകരണ ആശുപത്രിയിലെ ചികിത്സാരേഖകൾ പിടിച്ചെടുത്തു. ചികിത്സാരേഖകളിൽ കൃത്രിമവും നടത്താതിരിക്കാനാണിത്. ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പി ടി.സജീവന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ അന്വേഷണ സംഘത്തിൽ ഒരു ഇൻസ്പെക്ടറും രണ്ട് എസ്.ഐമാരും അഞ്ച് സിവിൽ പൊലീസ് ഓഫീസർമാരുമാരുമാണുള്ളത്.