valsala

കോഴിക്കോട്: 2021ലെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്റ്റ് പി. വത്സലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ സമത്വം, സ്ത്രീ വിമോചനം ഇത്തരം ആശയങ്ങളെക്കുറിച്ചെല്ലാം സ്വന്തമായ കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കാൻ എഴുത്തിലൂടെ വത്സല ടീച്ചർ ശ്രദ്ധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറ‌ഞ്ഞു. നെല്ലിന്റെ രചനയുടെ അൻപതാം വർഷത്തിലാണ് എഴുത്തച്ഛൻ പുരസ്‌കാരം അവർക്ക് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ അനുഭവങ്ങളാണ് രചനകളിലുള്ളതെന്ന് മറുപടി പ്രസംഗത്തിൽ പി. വത്സല പറഞ്ഞു.

കോഴിക്കോട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ ആദര പ്രഭാഷണം നടത്തി. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി പ്രശസ്തിപത്രം വായിച്ചു. കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് സംസാരിച്ചു. സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതവും സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി അബൂബക്കർ നന്ദിയും പറഞ്ഞു.