കോലഞ്ചേരി: രണ്ടരമാസം പ്രായമുള്ള പെൺകുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. കിടങ്ങൂർ വടശ്ശേരിമന ഹരികൃഷ്ണൻ എൻ. നമ്പൂതിരിയു‌ടെയും (ഹരികുമാർ) രാമമംഗലം മേമുറി ആര്യപ്പിള്ളി മനയിൽ ശ്രീദേവിയുടെയും അഞ്ചാമത്തെ കുട്ടിയാണ് മരിച്ചത്. അമ്പലങ്ങളിലെ മുട്ടുശാന്തിയായ ഹരികുമാർ പാങ്കോട്ടിൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം രണ്ടുമാസമായി വാടകയ്ക്ക് താമസിച്ച് ജ്യോതിഷാലയം നടത്തുകയാണ്. വ്യാഴാഴ്ച രാത്രി 12.30ന് മുലപ്പാൽ നൽകിയശേഷം ഉറക്കി കിടത്തിയ കുട്ടിയെ 4.30 ഓടെ വീണ്ടും മുലപ്പാൽ നൽകാൻ വിളിച്ചപ്പോൾ അബോധാവസ്ഥയിലായിരുന്നു. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുത്തൻകുരിശ് പൊലീസ് നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കാരം നടത്തി.