sea

ന്യൂയോർക്ക് : ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് അ​റ്റ്ലാൻഡിക് സമുദ്രത്തിന്റെ അടിത്തട്ടിൽ നേർരേഖയിൽ കണ്ടെത്തിയ കുഴികൾ. മനുഷ്യനിർമ്മിതമെന്ന് തോന്നിപ്പിക്കുന്ന തരത്തിലെ ഈ കുഴികൾ എന്താണെന്ന അന്വേഷണത്തിലാണ് ഗവേഷകർ. ഇത് സംബന്ധിച്ച് ജനങ്ങൾക്കും അഭിപ്രായം പറയാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് യു.എസിലെ ദ നാഷണൽ ഓഷ്യാനിക് ആൻഡ് അ​റ്റ്‌മോസ്‌ഫറിക് അഡ്മിനിസ്‌ട്രേഷൻ ( എൻ.ഒ.എ.എ ).

പവിഴപ്പുറ്റുകളെ പറ്റിയും മറ്റുമുള്ള പഠനത്തിന്റെ ഭാഗമായുള്ള പ്രത്യേക ആളില്ലാ പര്യവേക്ഷണ വാഹനത്തിന്റെ സഹായത്തോടെ നടത്തിയ ഗവേഷണങ്ങൾക്കിടെയാണ് എൻ.ഒ.എ.എ ആരോ ഡ്രിൽ ചെയ്തെടുത്ത പോലെ തോന്നിപ്പിക്കുന്ന ഈ കുഴികൾ കണ്ടെത്തിയത്. സമുദ്രോപരിതലത്തിൽ നിന്ന് ഏകദേശം 1.7 മൈൽ താഴ്ചയിൽ ഇവ നേർരേഖയിലെന്ന പോലെ ഒന്നിന് പുറകേ ഒന്നായി കാണപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കുഴികൾക്ക് ചു​റ്റും എക്കൽ സാന്നിദ്ധ്യവും കണ്ടെത്തി.

ഈ കുഴികൾ മുമ്പും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എൻ.ഒ.എ.എ പറയുന്നു. കുഴികളുടെ ചിത്രങ്ങൾ സഹിതം എൻ.ഒ.എ.എ ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന ജീവികൾ മണ്ണിൽ സൃഷ്ടിച്ചതാണോ ഈ കുഴികൾ എന്നാണ് ചിലരുടെ സംശയം.