
ന്യൂഡൽഹി: രാജ്യത്ത് ഉയർന്നു വരുന്ന അന്തരീക്ഷ മലിനീകരണത്തെ പിടിച്ചു കെട്ടാൻ ആറു മാസത്തിനുള്ളിൽ രാജ്യത്തെ കാലപ്പഴക്കം ചെന്ന വാഹനങ്ങൾ നിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ. ഇതിന്റെ ആദ്യപടിയായി ബംഗാളിൽ 15 വർഷത്തിന് മേലെ പഴക്കമുള്ള കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം വാഹനങ്ങൾ നിരത്തിലിറക്കുന്നത് ഒഴിവാക്കണമെന്ന് സർക്കാരിനോട് കർശനമായി ആവശ്യപ്പെട്ടിരിക്കുകയാണ് ട്രൈബ്യൂണൽ. അന്തരീക്ഷ മലിനീകരണം വളരെയേറെ മോശമായ ബംഗാളിലെ കൊൽക്കത്ത, ഹൗറ എന്നീ നഗരങ്ങളെ കണക്കിലെടുത്താണ് ഊ തീരുമാനം.
ആയിരക്കണക്കിന് സ്വകാര്യ വാഹനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് ഈ നിർദ്ദേശം. 15 വര്‍ഷത്തിലധികം പഴക്കമുള്ള സ്വകാര്യ-വാണിജ്യ വാഹനങ്ങള്‍ സംസ്ഥാനത്തെ ഭൂരിഭാഗം നഗരങ്ങളിലും ഓടുന്നുണ്ടെന്നാണ് വിവരങ്ങള്‍. ആറ് മാസത്തിന് ശേഷം പശ്ചിമ ബംഗാളില്‍ പൊതുഗതാഗതത്തിനായി ബി.എസ്.4 വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദ്ദേശമുണ്ട്. മലിനീകരണം ചെറുക്കുക എന്ന ലക്ഷ്യത്തിനാണ് ഇപ്പോൾ ഊന്നൽ നൽകുന്നതെന്നും ഹരിത ട്രൈബ്യൂണലിന്റെ റിപ്പോർട്ടിൽ പറയുന്നു.