
മെസേജിംഗ് ആപ്പായ വാട്‌സാപ്പ് വിറ്റേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മറ്റൊരു ഇടപാട് നടത്തി ഫേസ്‌ബുക്ക് സ്ഥാപകനും മെറ്റ സി.ഇ,ഒയുമായ മാർക്ക് സക്കർബർഗ്. സാൻഫ്രാൻസിസ്‌കോയിലെ വീടാണ് സക്കർബർഗ് വിറ്റത്. ഏകദേശം 247 കോടി രൂപയ്ക്കാണ് വീട് വിറ്റതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു, സാൻഫ്രാൻസിസ്‌കോയിലെ ഏറ്റവും വലിയ വസ്തു കൈമാറ്റമാണിതെന്നാണ് റിപ്പോർട്ട്. അയൽക്കാരുമായുള്ള പ്രശ്നങ്ങളാണ് വീട് വിൽപ്പനയ്ക്ക് പിന്നിലെന്നാണ് യു.എസ് മാദ്ധ്യമങ്ങളിലുള്ളത്. എന്നാൽ വീട് വിൽക്കുന്നതിന് പിന്നിലെ യഥാർത്ഥ കാരണം സക്കർബർഗ് വെളിപ്പെടുത്തിയിട്ടില്ല.
പാർക്കിംഗ് സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അയൽവാസികളുമായി ഉള്ളതെന്നാണ് മാദ്ധ്യമറിപ്പോർട്ട്. വീട് വാങ്ങിയതു മുതൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്നും സക്കർബർഗുമായി ബന്ധപ്പെട്ടവർ പറയുന്നു.
2012ൽ 80 കോടി രൂപയ്ക്കാണ് ഈ വീട് സക്കർബർഗ് വാങ്ങിയത്. 25 ഏക്കറിൽ 7300 ചതുരശ്ര അടി വിസ്തീർണമുള്ള വീട് ഡോളോറസ് പാർക്കിന് പുറത്ത് ലിബർട്ടി ഹിൽ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.. നാല് ബെഡ്‌റൂമുകളും നാലു കുളിമുറികളും ചേർന്നതാണ് വീട്.
1928ലാണ് വീട് നിർമ്മിച്ചതെങ്കിലും 2013ൽ ദശലക്ഷക്കണക്കിന് ഡോളർ ചെലവിൽ സക്കർബർഗും ഭാര്യ പ്രിസില്ല ചാനും വീട് നവീകരിച്ചിരുന്നു. വൈൻ റൂം, വെറ്റ് ബാർസ ഗ്രീൻ ഹൗസ് സംവിധാനങ്ങൾ ഇവിടെ പിന്നീട് കൂട്ടിച്ചേർത്തു.
അതേസമയം പാലോ ആൾട്ടോയിൽ സക്കർബർഗിന് നാല് കിടപ്പുമുറികളും അഞ്ച് കുളിമുറികളുമുള്ള വീട് ഉണ്ട്.
കഴിഞ്ഞ വർഷം ഹവായിയിലെ കവായ് ദ്വീപിൽ 1400 ഏക്കർ എസ്റ്റേറ്റ് സക്കർബർഗ് സ്വന്തമാക്കിയിരുന്നു.