
കണ്ണൂർ: പി ജയരാജന്റെ വാക്കുകൾ ഉൾക്കൊണ്ട് കണ്ണൂരിൽ സിപിഎം പ്രവർത്തകർ കർക്കടക വാവിന് ബലിയിട്ടവരെ സഹായിക്കാൻ ഇറങ്ങി. സിപിഎമ്മിന് കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഐ.ആർ.പി.സി. (ഇനീഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ) ആണ് ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുത്തവർക്ക് സഹായവുമായി എത്തിയത്.
ഐ.ആർ.പി.സി.യുടെ ഉപദേശകസമിതി ചെയർമാൻ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനാണ്. കണ്ണൂരിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ പയ്യാമ്പലത്ത് വ്യാഴാഴ്ച സംഘടന സഹായകേന്ദ്രം തുറന്നിരുന്നു. ഇവിടെ എത്തിയവർക്ക് ലഘുഭക്ഷണവും വെള്ളവും നൽകി.
കർക്കടകവാവുബലി ചടങ്ങുകൾക്ക് സിപിഎം പ്രവർത്തകർ സഹായവുമായി ഇറങ്ങണമെന്ന് ജയരാജൻ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്‌തിരുന്നു. പിതൃസ്‌മരണയിൽ വിശ്വാസികൾ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധസംഘടനകൾ ആവശ്യമായ സേവനം നൽകണമെന്നും ഇത്തരം ഇടങ്ങൾ ഭീകരമുഖങ്ങൾ മറച്ചുവെച്ച് സേവനത്തിന്റെ മുഖംമൂടി അണിയുന്നവർക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്നുമായിരുന്നു ജയരാജന്റെ പോസ്റ്റ്.