bjp

ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മുന്നറിയിപ്പുമായി മുതിർന്ന ബി ജെ പി നേതാവ് അമിത് മാളവ്യ. വിവാദമായ അദ്ധ്യാപക നിയമന കോഴക്കേസിൽ പശ്ചിമബംഗാളിലെ മുൻ വാണിജ്യ-വ്യവസായ മന്ത്രിയും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പാർത്ഥ ചാറ്റർജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

വലുതും ചെറുതുമായ റിക്രൂട്ട്‌മെന്റ് അഴിമതിയുടെ പേരിൽ നിരവധി മുഖ്യമന്ത്രിമാർ ജയിലിൽ കഴിഞ്ഞിട്ടുണ്ട് എന്ന് ബംഗാൾ മുൻ ഗവർണർ ജഗ്ദീപ് ധൻഖർ പറയുന്ന വീഡിയോ ആണ് ബി ജെ പിയുടെ സോഷ്യൽ മീഡിയ തലവൻ അമിത് മാളവ്യ ട്വീറ്റ് ചെയ്തത്. “എസ്എസ്‌സി അഴിമതിയുടെ സൂക്ഷ്മ വിശദാംശങ്ങൾ അറിയാവുന്ന മുൻ പശ്ചിമ ബംഗാൾ ഗവർണർ അടുത്തിടെ ഒരു പരിപാടിയിൽ സുപ്രധാനകാര്യം പറഞ്ഞിരുന്നു. സമാനമായതും എന്നാൽ വളരെ ചെറിയതുമായ റിക്രൂട്ട്‌മെന്റ് കുംഭകോണത്തിന്റെ പേരിൽ പല മുഖ്യമന്ത്രിമാരും വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി' എന്നാണ് ട്വീറ്റിൽ അമിത് മാളവ്യ കുറിച്ചത്. "എല്ലാ അഴിമതികളുടെയും മാതാവ്" എന്ന് ധൻഖർ അദ്ധ്യാപക നിയമന വിവാദത്തെ വിശേഷിപ്പിക്കുന്നതും വീഡിയോയിൽ കേൾക്കാം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന് നേരത്തേ തന്നെ ബി ജെ പി ആരോപിക്കുന്നുണ്ട്.


അതേസമയം, ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ പുറത്താക്കി . തൃണമൂൽ കോൺഗ്രസിന്റെ സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്നും പാർത്ഥയെ നീക്കിയിട്ടുണ്ട്. മമത ബാനർജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്.

പാർത്ഥ ചാറ്റർജി വഹിച്ചിരുന്ന വാണിജ്യ-വ്യവസായ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തു. പാർത്ഥയെ മന്ത്രിസഭയിൽ നിന്നും പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കണമെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് ആവശ്യപ്പെട്ടിരുന്നു. മമത മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിയായിരുന്നു ചാറ്റർജി. വാണിജ്യം, വ്യവസായം, പാർലമെന്ററി കാര്യങ്ങൾ, ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇലക്ട്രോണിക്‌സ്, പൊതു സംരംഭങ്ങൾ, വ്യാവസായിക പുനർനിർമ്മാണം എന്നീ വകുപ്പുകളുടെ ചുമതലയാണ് പാർത്ഥ ചാറ്റർജി വഹിച്ചിരുന്നത്.

2016ലെ മമത മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാൾ സ്കൂൾ സർവീസസ് കമ്മിഷൻ വഴി സർക്കാ‌ർ സ്കൂളുകളിൽ അദ്ധ്യാപക- അനദ്ധ്യാപക തസ്തികകളിൽ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതിൽ കൈക്കൂലി വാങ്ങിയെന്നാണ് പാർത്ഥ ചാറ്റർജിക്കെതിരെയുള്ള ആരോപണം.അന്വേഷണം പൂർത്തിയാവുന്നതുവരെ പാർട്ടിയിൽനിന്ന് പുറത്താക്കുകയാണെന്നും നിരപരാധിത്വം തെളിഞ്ഞാൽ തിരികെ വരാമെന്നും തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു. രണ്ട് പതിറ്റാണ്ടോളം തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന പാർത്ഥ ചാറ്റർജി ഈ വർഷം ആദ്യം പാർട്ടി ദേശീയ വൈസ് പ്രസിഡന്റായി നിയമിതനായിരുന്നു.

മന്ത്രിയുമായി അടുപ്പം പുലർത്തിയിരുന്ന നടികൂടിയായ സഹായി അർപ്പിത മുഖർജിയുടെ നാലു ഫ്ളാറ്റുകളിൽ നിന്നായി 50 കോടി രൂപയും അഞ്ച് കിലോ സ്വർണ്ണക്കട്ടികളും വിദേശ കറൻസിയും നോട്ടെണ്ണൽ മെഷീനുകളും ഇ‌.ഡി കണ്ടെടുത്തിരുന്നു. രണ്ടാമത്തെ ഫ്ളാറ്റിൽ നിന്ന് കണ്ടെടുത്ത 29 കോടി രൂപ പാർത്ഥ ചാറ്റർജിയുടേതാണെന്ന് അർപ്പിത ഇ.ഡിയോട് വെളിപ്പെടുത്തിയിട്ടുണ്ട്.