photo

നിയമത്തിന്റെ വലയിൽ കുരുങ്ങുന്നതിൽ കൂടുതലും ചെറിയമീനുകളായിരിക്കും എന്നൊരു ചൊല്ലുണ്ട്. കുരുങ്ങിയാലും വലിയ മീനുകൾ വലപൊട്ടിച്ച് കടന്നുകളയും. ചുരുക്കം ചില വികസിത രാജ്യങ്ങളൊഴികെ ലോകത്തെവിടെയും ഇതാണ് സ്ഥിതി. പാവപ്പെട്ടവന്റെ കാര്യം വരുമ്പോൾ നിയമം അതിന്റെ എല്ലാ നഖങ്ങളും പുറത്തെടുക്കും. ഉദ്യോഗസ്ഥതലത്തിന് പാവപ്പെട്ടവരോട് കൂറില്ലെന്നും പ്രമാണിമാ‌ർക്ക് വിലയ്ക്ക് വാങ്ങാൻ കഴിയുന്ന സൗഹൃദമായി അതു മാറിയെന്നുമുള്ള മന്ത്രി എം.വി. ഗോവിന്ദന്റെ പ്രസംഗത്തെ ജനങ്ങളുടെ മൊത്തം അഭിപ്രായമായി കണക്കാക്കാം. മന്ത്രിയെന്ന നിലയിൽ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം സംസാരിച്ചത്. ലൈഫ് മിഷനിൽ കിട്ടിയ വീടായാലും നിയമം വരച്ച വരയ്ക്കപ്പുറം ഒരു സെന്റീമീറ്ററോ അരസെന്റീമീറ്ററോ മാറിയാൽ ഉദ്യോഗസ്ഥർ നമ്പർ നൽകില്ല. അതേസമയം പ്രമാണിയാണെങ്കിൽ ഒരുമീറ്റർ മാറിയാലും നിയമം കാറ്റിൽപറത്തി ഇതേ ഉദ്യോഗസ്ഥർ നമ്പർ നൽകും. പാവപ്പെട്ടവന്റെ മുന്നിൽ നിയമം പറയുകയും പണക്കാരന്റെ മുന്നിൽ മറ്റൊരു നയം സ്വീകരിക്കുകയും ചെയ്യുന്ന രീതി അനുവദിക്കില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഇത് വെറും വാക്കായി മാത്രം നിൽക്കരുത്. പ്രായോഗികതലത്തിൽ വരണം.

പാവപ്പെട്ടവന്റെ ഇത്തരം പ്രശ്നങ്ങൾ ഉയർന്നുവരുന്ന വേദി ഇപ്പോൾ അദാലത്തുകളാണ്. മന്ത്രി തന്നെ അദാലത്തിൽ പങ്കെടുത്ത അനുഭവമാണ് പ്രസംഗത്തിൽ പറഞ്ഞത്. ഒരാൾ റോഡിന് സ്ഥലം വിട്ടുകൊടുത്തു. അപ്പോൾ ഒറ്റനില വീടായിരുന്നു. പിന്നീട് അതിന് മുകളിൽ ഒരു നില കൂടി പണിയാൻ അനുമതി തേടിയപ്പോൾ റോഡിൽ നിന്നുള്ള അകലം പാലിച്ചിട്ടില്ലെന്ന നിയമം പറഞ്ഞ് അനുമതി നിഷേധിച്ചു. റോഡിന് സ്ഥലം നൽകിയതാണ് താൻ ചെയ്ത തെറ്റെന്ന് സ്വഭാവികമായും വസ്തു ഉടമയ്ക്ക് തോന്നിയിരിക്കും. വികസന പ്രവർത്തനങ്ങളോട് ജനങ്ങൾക്കുള്ള വിപ്രതിപത്തിയ്‌ക്ക് കാരണം തന്നെ ചില ഉദ്യോഗസ്ഥരുടെ ഇത്തരം പിടിവാശികളാണ്. നിയമത്തിനപ്പുറം സാഹചര്യം കണക്കിലെടുത്ത് മനുഷ്യത്വപരമായ ഇളവ് നൽകാനുള്ള പ്രത്യേകാധികാരം ഉയർന്ന ഉദ്യോഗസ്ഥന് നൽകുകയും ആ അധികാരം ദുരുപയോഗപ്പെടില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ചട്ടഭേദഗതികൾക്കാണ് മന്ത്രി മുൻകൈയെടുക്കേണ്ടത്. അദാലത്തിൽ മന്ത്രി ഇടപെട്ടപ്പോൾ ഒറ്റ നിലക്കാരന് രണ്ടാംനില പണിയാൻ അനുമതി ലഭിക്കുകയും ചെയ്തു. എല്ലാ പരാതിയിലും ഇതുപോലെ മന്ത്രിയ്ക്ക് ഇടപെടാനോ പരിഹരിക്കാനോ കഴിഞ്ഞെന്ന് വരില്ല. അദാലത്തുകളുടെ എണ്ണം കൂട്ടുകയോ അല്ലെങ്കിൽ ഇത്തരം പരാതികൾ പരിഹരിക്കാൻ ആധുനിക ടെക്നോളജിയുടെ സഹായത്തോടെ പ്രത്യേക സംവിധാനമേർപ്പെടുത്തുകയോ വേണം. ഒാൺലെെൻ സംവിധാനത്തിന്റെ വരവോടെ മുൻപുണ്ടായിരുന്ന നൂലാമാലകൾ പലതും നിഷ്പ്രയാസം പരിഹരിക്കപ്പെടുന്നുണ്ട്.

തദ്ദേശസ്ഥാപനങ്ങളിൽ മൂന്ന് സെന്റ് വീടിന് സെന്റിമീറ്ററുകളുടെ വ്യത്യാസം വന്നെന്ന് പറഞ്ഞ് അനുമതി നിഷേധിക്കപ്പെട്ട നൂറുകണക്കിന് പരാതികളാണ് അദാലത്തിൽ വന്നതെന്നും കെട്ടിട നമ്പരിനുവേണ്ടി സാധാരണക്കാർ കരഞ്ഞുകൊണ്ടാണ് വന്നതെന്നും അവർക്കെല്ലാം അനുമതി നൽകാൻ താൻ നിർദ്ദേശിച്ചെന്നും മന്ത്രി വെളിപ്പെടുത്തുകയുണ്ടായി. വളരെ നല്ലകാര്യമാണ് മന്ത്രി ചെയ്തത്. വിലയ്ക്ക് വാങ്ങുന്ന സൗഹൃദങ്ങൾ നിലനിൽക്കുന്നതിനാൽ പ്രമാണിമാരുടെ കാര്യം അവർ തന്നെ നോക്കിക്കൊളും. അതുപോലെയല്ല പാവപ്പെട്ടവരുടെ കാര്യം.

അതിനാൽ പ്രശ്നങ്ങളുള്ള പരാതികൾ പരിഹരിക്കാൻ ഒരു പ്രത്യേക സംവിധാനത്തിന് രൂപം നൽകാനും മന്ത്രി മുൻകൈയെടുക്കുമെന്ന് പ്രതീക്ഷിക്കാം.