indigo

ഗുവാഹത്തി: പറന്നുയരാൻ ശ്രമിക്കവെ റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയെങ്കിലും തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. അസമിലെ ജോറത്ത് വിമാനത്താവളത്തിൽ പുലർച്ചെയോടെയായിരുന്നു സംഭവം. ഇൻഡിഗോയുടെ കൊൽക്കത്ത വിമാനമാണ് തെന്നിമാറി റൺവേയ്ക്ക് പുറത്തെത്തിയത്. ടയറുകൾ മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു.സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വിമാനത്തിന് സാങ്കേതിക തകരാറുകൾ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞദിവസം ഗുജറാത്തിലെ കണ്ട‍്‍ല വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ സ്പൈസ് ജെറ്റ് വിമാനത്തിലും സാങ്കേതിക തകരാർ സംഭവിച്ചിച്ചിരുന്നു. മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതിനെ തുടർന്ന് ടേക്ക് ഓഫ് നിർത്തി വയ്ക്കുകയായിരുന്നു. 40 ദിവസത്തിനിടെ ഒമ്പതാം തവണയാണ് സ്പൈസ് ജെറ്റ് വിമാനങ്ങളിൽ സാങ്കേതിക തകരാർ കണ്ടെത്തുന്നത്. പ്രശ്നങ്ങൾ സ്ഥിരമായതോടെ സ്പൈസ് ജെറ്റിനെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) നടപടി എടുത്തിരുന്നു. രണ്ട് മാസത്തേക്ക് സ്പൈസ് ജെറ്റിന്റെ വിമാന സർവീസ് വെട്ടിക്കുറച്ചിട്ടുണ്ട്. അമ്പത് ശതമാനം സർവീസുകൾ മാത്രമേ ഈ കാലയളവിൽ ഓപ്പറേറ്റ് ചെയ്യാവൂ എന്നാണ് ഡിജിസിഎയുടെ നിർ‍ദേശം. ഡിജിസിഎ നടത്തിയ പരിശോധനയിൽ, സ്പൈസ് ജെറ്റിന്റെ സുരക്ഷാ മുൻകരുതലുകളും മെയിന്റനൻസും പര്യാപ്‌തമല്ല എന്ന് കണ്ടെത്തിയിരുന്നു.