murder-case-

മംഗളൂരു : മംഗളൂരുവിൽ കഴിഞ്ഞ ദിവസം രാത്രി യുവാവിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ വടക്കൻ കേരളത്തിലും കനത്ത ജാഗ്രത. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. കർണാടകയുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലെ ചെക് പോസ്റ്റുകളിലും പരിശോധന കർശനമാക്കി. മംഗളൂരുവിലെ സൂറത്കലിലാണ് കഴിഞ്ഞ ദിവസം രാത്രി യുവാവ് കൊല്ലപ്പെട്ടത്. തുണിക്കട നടത്തുന്ന സൂറത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് ആക്രമിക്കപ്പെട്ടത്. കാറിലെത്തിയ അക്രമി സംഘം ഫൈസലിനെ വ്യാപാര സ്ഥാപനത്തിന് മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഈ സമയം തുണിക്കടയിലുണ്ടായിരുന്ന ആളുകളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി. ഫൈസലിന്റെ തുണിക്കടയും ആക്രമണത്തിനിരയായി.

രണ്ട് ദിവസം മുൻപ് മംഗളൂരുവിൽ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫൈസൽ കൊല്ലപ്പെട്ടത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സംഘമാണ് ഇവിടെ ക്യാംപ് ചെയ്യുന്നത്. യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ 21 പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കേരള അതിർത്തിയിൽ നിന്നുമാണ് ഇവർ പിടിയിലായത്. കേരള രജിസ്‌ട്രേഷനുള്ള ബൈക്കിലാണ് അക്രമികൾ എത്തിയത്. ഈ കേസിൽ അന്വേഷണം നടത്തുന്നതിനായി കേരളത്തിന്റെ സഹായം കർണാടക പൊലീസ് തേടിയിരുന്നു.