crime

പത്തനംതിട്ട : ആൺ - പെൺ വ്യത്യാസമില്ലാതെ ലഹരിയിൽ അഭയം തേടി യുവതലമുറ. ജില്ലയിലെ പ്രധാന നഗരത്തിലെ കെട്ടിടത്തിൽ അവിചാരിതമായി വിദ്യാർത്ഥികളെ കണ്ട പൊലീസ് എന്തിനിവിടെ വന്നുവെന്ന് അവരോട് അന്വേഷിച്ചപ്പോൾ ഞങ്ങളെ ചോദ്യം ചെയ്യാൻ നിങ്ങളാരായെന്നായിരുന്നു മറുചോദ്യം. കയ്യിൽ കണ്ടെത്തിയ ലഹരിയെക്കുറിച്ച് ചോദിച്ചപ്പോൾ എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനികളടക്കമുള്ളവർ ബഹളം വച്ച് അവിടെ നിന്നുപോയി. സ്ഥലത്തെ സ്ഥിരം കാഴ്ചയാണിതെന്ന് സമീപത്തെ വ്യാപാരികളും അഭിപ്രായപ്പെടുന്നു. വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് നിരന്തരം അടിയുണ്ടാക്കുന്ന സ്ഥലം കൂടിയാണിത്. ഇങ്ങനെ ജില്ലയിലെ പല ഭാഗത്തും ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സ്കൂൾ തുറക്കുന്നതിന് മുമ്പ് ആറുമാസം കൊണ്ട് എൺപത് ആയിരുന്ന കഞ്ചാവ് കേസുകൾ, അതിപ്പോൾ നൂറും അതിലധികവുമായി മാറി കഴിഞ്ഞിരിക്കുന്നു. അത്രയും തന്നെ പ്രതികളും ഈ കേസിൽ ഉൾപ്പെടുന്നുണ്ട്. സ്കൂൾ കുട്ടികൾ ഏജന്റായും അല്ലാതെയും പ്രവർത്തിക്കുന്നത് മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ കൗൺസലിംഗിനായി മാതാപിതാക്കൾ എത്തിക്കുന്ന ഭൂരിഭാഗം കുട്ടികളും ലഹരിക്ക് അടിമകളാണ്. കഞ്ചാവും മദ്യവും സാധാരണ ഭക്ഷണം പോലെ തന്നെയുള്ളുവെന്നാണ് ഒരു ഒൻപതാം ക്ലാസുകാരൻ കൗൺസലിംഗിനിടയിൽ പറഞ്ഞത്. ഒരു കിലോഗ്രാം കഞ്ചാവിൽ കൂടുതൽ കൈവശം വച്ചാൽ മാത്രമേ കേസെടുക്കാൻ കഴിയു. അല്ലാത്തവ പിഴയടച്ച് വിടുകയാണ് ചെയ്യുക. ഇത് ഒരു അവസരമായി ആണ് കഞ്ചാവ് മാഫിയകൾ കാണുന്നത്.

2022 ജനുവരി മുതൽ ജൂൺ വരെ

കഞ്ചാവ് കേസുകൾ : 100ൽ അധികം

പ്രതികൾ : 97 പേർ,

അറസ്റ്റിലായവർ : 92

ഒരു കഞ്ചാവ് ചെടിയും 5.42 കി.ഗ്രാം കഞ്ചാവും ഇതുവരെ പിടികൂടി.

ഒരു എം.ഡി.എം.എ കേസും 1.16 ഗ്രാം ഹാഷിഷ് ഓയിലും

23 സെറ്റ് ലഹരി ഗുളികകളും പിടികൂടി.

"ഇത്രയധികം സൗകര്യങ്ങളുണ്ടായിട്ടും ഇത്രയധികം കേസുകൾ പിടിക്കപ്പെടുന്നുണ്ടെങ്കിൽ എത്രയോ ഇരട്ടി കേസുകൾ സംഭവിക്കുന്നുണ്ടാകും. ചെറുപ്പക്കാർ വലിയ തോതിൽ കഞ്ചാവ് അടക്കമുള്ള ലഹരിക്ക് അടിമയാകുന്നുണ്ട്''- എക്സൈസ് അധികൃതർ