ss

മനുഷ്യജീവിതത്തിന്റെ സ്ഥായിയായ സമസ്യകൾ ബഹുജന ഹിതത്തിനും ബഹുജന സുഖത്തിനും വേണ്ടി അഭിസംബോധന ചെയ്യുന്ന രാമായണം കാലാതിവർത്തിയായ പ്രസക്തിയെയാണ് കാണിക്കുന്നത്. തനിക്ക് തന്നിലേക്ക്‌ നോക്കാനുള്ള കണ്ണാടിയാണ് രാമായണം. ധർമ്മപ്രബുദ്ധനായ ഒരു ഭരണാധികാരി ഭരിക്കുന്ന രാജ്യമാണ് രാമരാജ്യം.
'യഥാ രാജാ തഥാ പ്രജാ' എന്നത് പണ്ടേയുള്ള ആപ്തവാക്യമാണ് . നാം കണ്ടുവരുന്ന വാസ്തവവും, കൊണ്ടുനടക്കേണ്ടുന്ന പ്രാമാണികതയുമാണ് അത്. ഭരണകർത്താവും ഭരണീയരും തമ്മിൽ പരസ്പര ധാരണയുണ്ടായിരിക്കണം. വാത്മീകിയുടെ വാക്കുകളിൽ, എവിടെ കാമമോഹിതരില്ലയോ, വിദ്യാവിഹീനരില്ലയോ, എവിടെ ക്രൂരബുദ്ധികളില്ലയോ, സ്വരനിന്ദകരില്ലയോ അവിടെയാണ് രാമരാജ്യം. സത്യത്തിനുവേണ്ടിയുള്ള, ധർമ്മത്തിന്റെ സംസ്ഥാപനത്തിന് വേണ്ടിയുള്ള ശ്രീരാമന്റെ പരിക്രമണവും സഹനത്തിനു വേണ്ടിയുള്ള വിശുദ്ധി തുളുമ്പുന്ന ജീവിതമഹിമയ്ക്കു വേണ്ടിയുള്ള സീതാദേവിയുടെ അയനവും കൂടിച്ചേർന്ന രാമകഥ വർത്തമാന കാലഘട്ടത്തിലെ വഞ്ചനകൾക്കും മിഥ്യാഭിമാനങ്ങൾക്കും ഉപരിപ്ലവ ആദർശനാട്യങ്ങൾക്കും യുദ്ധകാഹളങ്ങൾക്കും വിശ്വാസരാഹിത്യങ്ങൾക്കും ഇതിന്റെയെല്ലാം ആകെത്തുകയായ സംഘർഷഭരിതമായ സാമൂഹികാവസ്ഥകൾക്കും മുന്നിൽ ഉത്തമവും പ്രബുദ്ധവുമായ ഒരു പുനഃചിന്തനത്തിനുള്ള മഹാഔഷധിയാണ്. ' വാത്മീകി തെളിച്ച മഹാ കാവ്യദീപ്തിയെ തുഞ്ചന്റെ പൈങ്കിളിക്കൊഞ്ചലിലൂടെ നാം ശ്രവിക്കുന്നു.

ബാലകാണ്ഡം സന്താനങ്ങളുടെ ഗുണാനുഭവങ്ങൾക്കും കുടുംബാഭിവൃദ്ധിക്കും അയോദ്ധ്യാകാണ്ഡം ജീവിതസൗഖ്യത്തിനും ആരണ്യകാണ്ഡം നഷ്ടമായവ തിരികെ ലഭിക്കാനും സകലദോഷപരിഹാരങ്ങൾക്കും കിഷ്‌കിന്ധാകാണ്ഡം ശത്രുതകളെ നീക്കി പ്രതിയോഗികളെ മിത്രങ്ങളാക്കാനും സുന്ദരകാണ്ഡം കാര്യലബ്ധിയ്ക്കും സമാധാനപ്രാപ്തിക്കും യുദ്ധകാണ്ഡം സർവാഭീഷ്ടസിദ്ധിയ്ക്കും കാരണഭൂതമാകുന്നു. അതതു ഗ്രഹങ്ങളുടെ ദിനങ്ങളിൽ പാരായണം ചെയ്യുന്നതിലൂടെ ഓരോ കാണ്ഡങ്ങളും ആദിത്യപ്രീതിയ്ക്കും ചൊവ്വാപ്രീതിയ്ക്കും കേതുപ്രീതിയ്ക്കും ബുധപ്രീതിയ്ക്കും വ്യാഴപ്രീതിയ്ക്കും ചന്ദ്രപ്രീതിയ്ക്കും രാഹുപ്രീതിയ്ക്കും ഉത്തമമെന്ന് അഭിജ്ഞമതം .
ഗുരുഭക്തിയുടെ മഹാനുഭൂതി, പിതൃഭക്തിയുടെ ഉത്കൃഷ്ട ധന്യത, മാതൃപൂജാനുസരണത്തിന്റെ ഉത്തമ മാതൃക, സഹോദരസ്‌നേഹത്തിന്റെ അനിർവചനീയത, ശിഷ്യസത്തമരോടുള്ള സ്‌നേഹസമ്പൂർണമായ വിധേയത്വം, ആത്മ സമർപ്പണപരമായ ബന്ധുത്വം, ഉള്ളഴിഞ്ഞ വാത്സല്യസംരക്ഷണങ്ങൾ ഇതെല്ലാം രാമായണത്തിലെ അതിബൃഹത്തായ ചിത്രങ്ങളാണ്. വംശവെറിയും, വർഗവർണപരമായ പ്രകോപനങ്ങളും, അന്തഃസാരരഹിതവും ആത്മനിന്ദാപരവുമായ വിഘടനവീക്ഷണങ്ങൾ എന്നിവയെല്ലാം നടമാടുന്ന ഈ ഭൂമിയിൽ ബോധഹീനന്മാർക്ക് ആത്മബോധമുണരാൻ 'രാമകഥ' എങ്ങനെയൊക്കെ പ്രയോജകീഭവിക്കുന്നു എന്ന് പഠിച്ചറിയേണ്ടതുതന്നെയാണ്. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ
ചഞ്ചലം എന്ന്, നമ്മെ എപ്പോഴും ഓർമ്മിപ്പിക്കുന്ന ശ്രീരാമായണം ലോകത്തെവിടെയും ഏതൊരാൾക്കും ആത്മഗന്ധിയാകാതിരിയ്ക്കുന്നതെങ്ങനെ !!