antony

കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന മന്ത്രി ആന്റണി രാജുവിനെതിരായ കേസിൽ വർഷങ്ങൾ കഴിഞ്ഞിട്ടും വിചാരണ തുടങ്ങാത്തതിനെതിരായ പൊതുതാത്പര്യ ഹർജിയിൽ വിചാരണക്കോടതിക്ക് നോട്ടീസ് അയയ്‌ക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. ഹർജി ഫയലിൽ സ്വീകരിക്കണോ എന്ന് റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനിക്കും. കേസിൽ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളം നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

വിചാരണ വൈകുന്നതിനെ ന്യായീകരിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ആന്റണി രാജുവിന്റെ കേസിൽ മാത്രമല്ല മറ്റ് നിരവധി കേസുകളും കെട്ടിക്കിടപ്പുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിച്ചാൽ ഇത്തരത്തിലുള്ള നിരവധി കേസുകൾ വരും എന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.പല കേസുകളിലും ഇത് പോലെ തന്നെ മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടുണ്ട് ഇത്തരം കേസിൽ സ്വകാര്യ ഹർജികൾ പാടില്ല എന്ന് സുപ്രീം കോടതി വിധി ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.എന്നാൽ ഇത്തരം ഹർജികൾ വരുമ്പോൾ നോക്കി നിൽക്കണോ എന്നും വിചാരണക്കോടതിയിൽ നിന്ന് റിപ്പോർട്ട് വിളിപ്പിക്കുന്നതല്ലേ നല്ലതെന്നും കോടതി ചോദിച്ചു. ഹർജി പരിഗണിക്കുന്നത് രണ്ട് ആഴ്ചത്തേക്ക് മാറ്റിവച്ചു.

കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കേസിൽ വിചാരണ നീണ്ടുപോയത് ഗൗരവമേറിയ വിഷയമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. എങ്ങനെയാണ് നീണ്ടുപോയതെന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ വാക്കാൽ ചോദിച്ചിരുന്നു.കേസിൽ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ തൊണ്ടി ക്ളാർക്കായിരുന്ന ജോസിനുമെതിരെ 16വർഷംമുമ്പ് കുറ്റപത്രം നൽകിയിരുന്നു. 2014ൽ നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിക്ക് കുറ്റപത്രം കൈമാറിയെങ്കിലും ഇതുവരെ വിചാരണ തുടങ്ങിയില്ല.

അതേസമയം, കോടതിയുടെ ഇന്നത്തെ നിർദ്ദേശത്തോട് പ്രതികരിക്കാൻ മന്ത്രി ആന്റണി രാജു തയ്യാറായില്ല. കോടതിയിലുള്ള കേസിൽ പറയാനുള്ളതെല്ലാം നിയമസഭയിൽ പറഞ്ഞു എന്നുമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.