
ബീജിംഗ് : ചൈനീസ് ഭരണകൂടത്തെ വിമർശിച്ചതിനെ തുടർന്ന് തടവിലാക്കപ്പെട്ട ബിസിനസ് ഭീമൻ ജാക്ക് മായ്ക്ക് ഒടുവിൽ മോചനം. രണ്ട് വർഷത്തോളമായി പൊതുജനമദ്ധ്യത്തിൽ നിന്നും അപ്രത്യക്ഷനായ ജാക്ക് മാ രാജ്യം വിട്ട് യൂറോപ്പിൽ പര്യടനം നടത്താനെത്തുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ വിദേശ മാദ്ധ്യമങ്ങൾ പുറത്തു വിട്ടു. ചൈനീസ് സർക്കാർ കോടീശ്വരന് മേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് ഇത് സാദ്ധ്യമായത്. ആലിബാബ ഗ്രൂപ്പ് ഹോൾഡിംഗ് ലിമിറ്റഡിന്റെ തലതൊട്ടപ്പനായ ജാക്ക് മാ തന്റെ ബിസിനസ്സ് സാമ്രാജ്യത്തിൽ നിന്നും പിന്മാറുന്നതായും അഭ്യൂഹങ്ങളുണ്ടായിരുന്നു.
ജാക്ക് മാ തന്റെ ഫിൻടെക് സംരംഭമായ ആന്റ് ഗ്രൂപ്പ് കമ്പനിയുടെ പ്രവർത്തനങ്ങളെ ചൊല്ലിയാണ് 2020 ൽ കമ്മ്യൂണിസ്റ്റ് സർക്കാരുമായി ഇടയുന്നത്. ഇതിന് പിന്നാലെ ജാക്ക് മാ പൊതു ഇടങ്ങളിൽ നിന്നും അപ്രത്യക്ഷനാകുകയായിരുന്നു. തുടർന്നാണ് സർക്കാർ ബിസിനസ് ഭീമനെ കരുതൽ തടങ്കിലാക്കിയിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. ശതകോടീശ്വരനെ രാജ്യം വിടുന്നതിൽ നിന്നും വിലക്കിയിരുന്നു. സർക്കാർ ബാങ്കുകളുടെ നിലനിൽപ്പിന് തന്നെ ജാക്ക് മായുടെ സംരംഭമായ ആന്റ് ഗ്രൂപ്പ് കാരണമായേക്കാം എന്ന ഭയം നിമിത്തമാണ് ചൈനീസ് സർക്കാർ ശതകോടീശ്വരനെ പൂട്ടാൻ തീരുമാനിച്ചത്. ഡിജിറ്റൽ പേയ്‌മെന്റുകളും മണി മാർക്കറ്റ് ഡെപ്പോസിറ്റുകളും അടക്കമുള്ള സേവനങ്ങളിലൂടെ ജാക്ക്മായുടെ പുതുസംരംഭം ജനങ്ങൾക്കിടയിൽ ഏറെ ചലനം സൃഷ്ടിച്ചിരുന്നു.
ഫിൻടെക് സംരംഭത്തിൽ നിന്നും ജാക്ക് മാ തന്റെ നിയന്ത്രണം വിട്ടുകൊടുത്തതിനാലാണ് ചൈനീസ് സർക്കാർ ഇളവുകൾ നൽകിയതെന്നാണ് സൂചനകൾ. ജാക്ക് മായുടെ ഓഹരികൾ കൈമാറാനും ധാരണയായിട്ടുണ്ട്. ഇതിനായി കമ്പനിയുടെ മേൽനോട്ടം ഒരു കമ്മിറ്റിക്ക് നൽകും.